മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വരുന്നതിന് മുമ്പേ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യാ ടിവി സ്വന്തമാക്കിയിരിക്കുകയാണ്.
6.25 കോടി രൂപയ്ക്കാണ് ഡ്രാമയുടെ സംപ്രേക്ഷണാവകാശം സൂര്യ ടിവി സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ റിലീസായ അജോയ്് വര്‍മ്മ ചിത്രം നീരാളിയുടെ അവകാശം സ്വന്തമാക്കിയതും സൂര്യ ടിവിയാണ്. ഓണത്തിന് നീരാളി സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും. ഓണത്തിന് ശേഷം സെപ്തംബറിലാണ് ഡ്രാമയുടെ റിലീസ്.
നിരഞ്ജ്, അനു സിത്താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സേതുവിന്റെ രചനയില്‍ ബിലാത്തിക്കഥ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു രഞ്ജിത്. പിന്നീട് സാങ്കേതികമായ കാരണങ്ങളാല്‍ ബിലാത്തിക്കഥ ഉപേക്ഷിക്കുകയും മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഡ്രാമ എന്ന പുതിയ തിരക്കഥ ഒരുക്കുകയായിരുന്നു. അരുന്ധതി നാഗ്, ആശ ശരത്, കനിഹ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജോണി ആന്റണി, ശ്യാമ പ്രസാദ്, ദിലീഷ് പോത്തന് എന്നീ സംവിധായകരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.
ലോഹം എന്ന ചിത്രത്തിന് ശേഷം വളരെ അവിചാരിതമായിട്ടാണ് ഈ മാസ് കൂട്ടുകെട്ട് ഒന്നിക്കുന്നത്. രഞ്ജിത്തിന്റെ രചനയില്‍ ഒരുപിടി മാസ് കഥാപാത്രങ്ങളെ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടിയിട്ടുണ്ട്.