തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരേയുള്ള പരാതിയില്‍ സഞ്ജു വി സാംസണ് ഉള്‍പ്പെടെ 13 താരങ്ങള്‍ക്ക് കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സച്ചിനെതിരേയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കെസിഎ വ്യക്തമാക്കി. അതേസമയം, സച്ചിന് ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നും കെസിഎ തീരുമാനിച്ചു.
ക്യാപ്റ്റനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് സഞ്ജു അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. സച്ചിനെതിരായ പരാതിയില്‍ കഴമ്പില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് വിശദീകരണം നല്കി. ടീമിലെ 13 അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കിയെങ്കിലും സഞ്ജുവിന് പ്രത്യേക നോട്ടീസാണ് നല്‍കിയിട്ടുള്ളത്. ടീം മാനേജരെ അറിയിക്കാതെ ഹോട്ടല്‍ വിട്ട് പോയതിനാണ് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
താരങ്ങളെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് കെസിഎ നല്‍കിയത്. പരാതിയില്‍ ഒപ്പിട്ട ജൂനിയര്‍ താരങ്ങളില്‍ പലര്‍ക്കും അതിന്റെ ഗൗരവം ബോധ്യമായിരുന്നില്ലെന്നും ക്യാപ്റ്റനെതിരേ സീനിയര്‍ താരങ്ങള്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കെസിഎയുടെ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അനുമതിയില്ലാതെ വിട്ടുനിന്നതിന് സഞ്ജുവിനോട് കെസിഎ വിശദീകരണം തേടിയിരുന്നു. ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് നടപടിയില്‍ നിന്ന് ഒഴിവായത്.