ലണ്ടന്‍: ഇംഗ്ലീഷ് മണ്ണില്‍ പുരുഷ ടീം തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ ഇംഗ്ലീഷ് ആരാധകരുടെ ഹൃദയം കവര്‍ന്ന് അരങ്ങ് തകര്‍ത്ത് ഇന്ത്യയുടെ പെണ്‍കരുത്ത് സ്മൃതി മന്ഥാന. ഇംഗ്ലണ്ടിലെ ആഭ്യന്തര വനിതാ ട്വന്റി20 ലീഗായ കെഐഎ സൂപ്പര്‍ ലീഗില്‍ മിന്നുന്ന സെഞ്ചുറികളാണ് അടിച്ചു തകര്‍ക്കുന്നത്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഈ ലേഡി സൂപ്പര്‍ സ്റ്റാര്‍, ഇംഗ്ലണ്ടില്‍ കാലു കുത്തിയതു മുതല്‍ അടിയോടടിയാണ്. ഓരോ മല്‍സരത്തിലും ഓരോ റെക്കോര്‍ഡെങ്കിലും സ്വന്തം പേരിലാക്കി മന്ഥാന കുതിപ്പു തുടരുമ്പോള്‍, ആ പ്രകടനം കാണാതെ പോകാന്‍ കഴിയില്ല.
കെഎസ്എല്‍ 2018 സീസണ് പകുതി ദൂരം പിന്നിടുമ്പോള്‍ ഏറ്റവും ഉയര്‍ന്ന റണ്‍ സ്കോറര്‍, ഏറ്റവും കൂടുതല്‍ സിക്സ്, ഏറ്റവും കൂടുതല്‍ ബൗണ്ടറി, ഏറ്റവും ഉയര്‍ന്ന റണ്‍ ശരാശരി, ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് എന്നിങ്ങനെ റെക്കോര്‍ഡുകളെല്ലാം സമൃതിയുടെ പേരിലാണ്.
ഇന്ത്യയ്ക്കായി ഇതുവരെ 42 രാജ്യാന്തര ട്വന്റി20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള മന്ഥാന 857 റണ്‍സ് നേടിയിട്ടുണ്ട്. 76 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 41 ഏകദിനങ്ങളില്‍ നിന്നായി 37.53 റണ്‍സ് ശരാശരിയില്‍ 1464 റണ്‍സും നേടിയിട്ടുണ്ട്. വനിതാ ഏകദിനത്തിലെ ഐസിസി റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരിയാണ് സ്മൃതി. അതേസമയം, ട്വന്റി20 റാങ്കിങ്ങില്‍ 13ാം സ്ഥാനത്തും.
ഇംഗ്ലണ്ടിലെ വനിതകളുടെ ‘ഐപിഎല്ലാ’ണ് കെഎസ്എല്‍ എന്നു പറയാം. 2016ല്‍ തുടക്കമിട്ട ലീഗ്, ഈ വര്‍ഷം മൂന്നാം സീസണിലെത്തിയിരിക്കുന്നു. ആകെ ആറു ടീമുകള്‍ കളിക്കുന്ന ലീഗില്‍ ഓരോ ടീമും രണ്ടു തവണ വീതം നേര്‍ക്കുനേര്‍ വരുന്ന രീതിയിലാണ് മല്‍സരക്രമം. അങ്ങനെ മൊത്തം 10 മല്‍സരങ്ങള്‍. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീം നേരെ ഫൈനലില്‍ കടക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ പരസ്പരം മല്‍സരിച്ച് ജയിക്കുന്നവരാണ് ഫൈനലിലെ രണ്ടാമത്തെ ടീം. ഈ പോരാട്ടം ഓഗസ്റ്റ് 18നാണ്. ഒന്‍പതു ദിവസത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 27നാണ് കലാശപ്പോര്.
ഈ സീസണ് പകുതി പിന്നിടുമ്പോള്‍, ആറു മല്‍സരങ്ങളില്‍നിന്ന് അഞ്ചു വിജയങ്ങളുമായി 23 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സ്മൃതിയുടെ ടീമായ വെസ്റ്റേണ്‍ സ്റ്റോം. ഒന്നാം സ്ഥാനത്തുള്ള ലഫ്ബറോ ലൈറ്റ്നിങ്ങിനും 23 പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റിലെ ആധിപത്യമാണ് അവരെ ഒന്നാമതു നിര്‍ത്തുന്നത്. ലീഗില്‍ കളിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മന്‍പ്രീത് കൗറിന്റെ ടീമായ ലങ്കാഷര്‍ തണ്ടറാണ് നിലവില്‍ മൂന്നാതുള്ളത്. അഞ്ചു മല്‍സരങ്ങളില്‍നിന്ന് മൂന്നു ജയമുള്‍പ്പെടെ 13 പോയിന്റുമായാണ് തണ്ടര്‍ മൂന്നാമതു നില്‍ക്കുന്നത്.
കെഎസ്എല്ലില്‍ കളിക്കാനെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സ്മൃതി മന്ഥാന. സ്മൃതിക്കു പിന്നാലെ ലങ്കാഷര്‍ തണ്ടറുമായി ഇന്ത്യന്‍ വനിതാ ടീമിന്റെ നായിക കൂടിയായ ഹര്‍മന്‍പ്രീത് കൗറും കരാറിലെത്തി. അങ്ങനെ കെഎസ്എല്ലില്‍ കളിക്കുന്ന ഇന്ത്യക്കാര്‍ രണ്ടുപേര്‍ മാത്രം. മൂന്നാം സീസണിലേക്കു കടന്നിരിക്കുന്ന കെഎസ്എല്ലില്‍ നിലവിലെ ചാംപ്യന്മാര് കൂടിയാണ് സ്മൃതിയുടെ ടീമായ വെസ്റ്റേണ്‍ സ്റ്റോം. ആദ്യ സീസണിലെ റണ്ണേഴ്സ് അപ്പുമാണ് അവര്‍.
ഇംഗ്ലണ്ടില്‍ കാലുകുത്തിയശേഷം കളത്തിലിറങ്ങിയ ആറാമത്തെ മല്‍സരത്തിലും ടീമിന്റെ വിജയശില്പിയായതോടെ ഇംഗ്ലീഷ് ആരാധകര്‍ക്കു മുന്നിലും സ്റ്റാറായിരിക്കുന്നു, ഇന്ത്യയുടെ ഈ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’. ആറാമത്തെ മത്സരത്തില്‍ യോര്‍ക്ഷര്‍ ഡയമണ്ട്സിനെ തോല്‍പ്പിച്ചപ്പോഴും ടീമിന്റെ മുന്‍നിരയില്‍ നിന്ന സ്മൃതി, ഇതിനകം ലീഗിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു.
ഇതുവരെയുള്ള ആറു മല്‍സരങ്ങളില്‍നിന്ന് 48, 37, പുറത്താകാതെ 52, പുറത്താകാതെ 43, 102, 56 എന്നിങ്ങനെയാണ് ഇരുപത്തിരണ്ടുകാരിയായ സ്മൃതിയുടെ സ്കോര്‍. ആകെ 338 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ കൂടിയാണ് സ്മൃതി. ഇതിനു പുറമെ വേറെയും റെക്കോര്‍ഡുകളുണ്ട്, കെഎസ്എല്ലില്‍ സ്മൃതിയുടെ പേരില്‍. ഈ സീസണില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ റണ്‍ ശരാശരി അവരുടെ പേരിലാണ്. 85.00 റണ്‍സ് ശരാശരിയിലാണ് ഇംഗ്ലണ്ട് മണ്ണില്‍ മന്ഥാനയുടെ കുതിപ്പ്. സീസണില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റുള്ള താരവും സ്മൃതി തന്നെ. 184 ആണ് സ്മൃതിയുടെ സ്ട്രൈക്ക് റേറ്റ്.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി (34) നേടിയ താരവും സിക്സുകള്‍ (19) നേടിയ താരവും മന്ഥാന തന്നെ. സിക്സുകളുടെ എണ്ണത്തില്‍ കെഎസ്എല്ലിലെ എല്ലാ സീസണും ചേര്‍ത്തുള്ള റെക്കോര്‍ഡുകളും സ്മൃതിയുടെ പേരിലായിക്കഴിഞ്ഞു. വനിതാ ട്വന്റി20യിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി നേടി സ്മൃതി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതും ഇതേ ടൂര്‍ണമെന്റിലാണ്. 18 പന്തിലാണ് അന്ന് സ്മൃതി 50 കടന്നത്.
കെഎസ്എല്ലില്‍ തന്റെ മൂന്നാമത്തെ മാത്രം മല്‍സരത്തിലാണ് സ്മൃതി അതിവേഗ അര്‍ധസെഞ്ചുറിയുമായി ഞെട്ടിച്ചത്. ലഫ്ബറോ ലൈറ്റ്നിങ്ങിനെതിരെ വെസ്റ്റേണ്‍ സ്റ്റോമിനുവേണ്ടിയായിരുന്നു മന്ഥാനയുടെ മിന്നല്‍ ബാറ്റിങ്. മഴമൂലം ആറ് ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റേണ്‍ സ്റ്റോം നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ്. 19 പന്തുകള്‍ നേരിട്ട സ്മൃതി അഞ്ച് ബൗണ്ടറിയും നാലു സിക്സും സഹിതം 52 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഫ്ബറോ ലൈറ്റ്നിങ്ങിന്റെ പോരാട്ടം 18 റണ്‍സ് അകലെ അവസാനിച്ചു.
ഇതോടെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന ന്യൂസീലന്‍ഡ് താരം സോഫി ഡിവൈന്റെ റെക്കോര്‍ഡിനൊപ്പമെത്തി മന്ഥന. 2015ല്‍ ഇന്ത്യയ്ക്കെതിരെയാണ് സോഫി റെക്കോര്‍ഡിട്ടത്. സ്മൃതി ഈ റെക്കോര്‍ഡിനൊപ്പമെത്തുമ്പോള്‍ എതിര് ടീമില്‍ സോഫിയുമുണ്ടായിരുന്നുവെന്നതും കൗതുകകരം. 21 പന്തില്‍ പുറത്താകാതെ 46 റണ്‍സെടുത്ത് പൊരുതിയെങ്കിലും സോഫിക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഈ മല്‍സരത്തില്‍ നാലു സിക്സ് നേടിയതോടെ കെഎസ്എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമായും സ്മൃതി മാറി. ഒന്‍പതു വീതം സിക്സ് നേടിയ സ്റ്റെഫാനി, റേച്ചല്‍ പ്രീസ്റ്റ് എന്നിവരുടെ റെക്കോര്‍ഡാണ് സ്മൃതി വെറും മൂന്ന് ഇന്നിങ്സുകളില്‍ തകര്‍ത്തെറിഞ്ഞത്. ആറു മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ 19 സിക്സുകള്‍ നേടിയ സ്മൃതി, മറ്റു താരങ്ങളെക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.
2017ലെ ഐസിസി വനിതാ ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ താരമായി മാറിയ സ്മൃതി മന്ഥന ഈ വര്‍ഷം കുറിക്കുന്ന മൂന്നാമത്ത അതിവേഗ അര്‍ധസെഞ്ചുറി കൂടിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ 30 പന്തില്‍ അര്‍ധസെഞ്ചുറി നേടി ത്രസിപ്പിച്ച മന്ഥന, ഇംഗ്ലണ്ടിനെതിരെ 25 പന്തിലാണ് അര്‍ധസെഞ്ചുറി നേടിയത്. അതിനു പിന്നാലെയാണ് കെഎസ്എല്ലിലെ അദ്ഭുത പ്രകടനം.
അതിവേഗ അര്‍ധസെഞ്ചുറിയുടെ അമ്പരപ്പു മാറും മുന്‍പേ കെഎസ്എല്ലിലെ അതിവേഗ സെഞ്ചുറിയും തന്റെ പേരിലാക്കിയാണ് മന്ഥാന വീണ്ടും ഞെട്ടിച്ചത്. അതിവേഗ അര്‍ധസെഞ്ചുറി പിറന്ന മല്‍സരത്തിനുശേഷം ഒരു മല്‍സരത്തിന്റെ മാത്രം ഇടവേളയിലാണ് അതിവേഗ സെഞ്ചുറിയെത്തിയത്. ഹര്‍മന്‍പ്രീത് കൗറിന്റെ ക്ലബ്ബായ ലങ്കാഷറിനെതിരെയായിരുന്നു മന്ഥാനയുെട സെഞ്ചുറി പ്രകടനം. 61 പന്തില്‍ 102 റണ്‍സ് നേടിയ സ്മൃതിയുടെ മികവില്‍ വെസ്റ്റേണ്‍ സ്റ്റോം ലങ്കാഷര്‍ തണ്ടറിനെ ഏഴു വിക്കറ്റിന് തകര്‍ക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കാഷര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 153 റണ്‍സ്. ലങ്കാഷറിനായി കളത്തിലിറങ്ങിയ ഹര്‍മന്‍പ്രീത് റണ്ണൊന്നുമെടുക്കാതെ പുറത്തായി. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ബ്രോമിനായി 61 പന്തില്‍ 12 ബൗണ്ടറിയും നാലു സിക്സും ഉള്‍പ്പെടെയാണ് സ്മൃതി മന്ഥാന 102 റണ്‍സെടുത്തത്. വിജയമുറപ്പിച്ച ഘട്ടത്തില്‍ 102 റണ്‍സുമായി മന്ഥാന പുറത്തായെങ്കിലും തൊട്ടുപിന്നാലെ ടീം വിജയത്തിലെത്തി.