രാജ്കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്സിനും 272 റണ്‍സിനുമാണ് രാജ്കോട്ടില്‍ ഇന്ത്യ, വിന്‍ഡീസിനെ വീഴ്ത്തിയത്. മൂന്നാംദിനം 468 റണ്‍സ് കടവുമായി ഫോളോഓണിനയക്കപ്പെട്ട വിന്‍ഡീസ് 192 റണ്‍സിന് പുറത്താവുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ജയമാണിത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടം കൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് രണ്ടാം ഇന്നിംഗ്സില്‍ സന്ദര്‍ശകരെ തകര്‍ത്തത്. മത്സരത്തിന്റെ മൂന്നാംദിനമായ ഇന്ന് മാത്രം 14 വിന്‍ഡീസ് വിക്കറ്റുകള്‍ വീണു.
സ്കോര്‍: ഇന്ത്യ- 649/9 (ഡിക്ലയേഡ്, വെസ്റ്റിന്‍ഡീസ് -181, 196.
മൂന്നാം ദിനം 94/6 എന്ന നിലയില്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന് 87 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകള്‍ കൂടി നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് 468 റണ്‍സ് കടവുമായി ഫോളോ ഓണിനയക്കപ്പെട്ട വിന്‍ഡീസിന് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യന്‍ ബോളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 83 റണ്‍സെടുത്ത ഓപ്പണര്‍ കീറന്‍ പവലാണ് ഇന്ത്യന്‍ ബോളിംഗിനെ അല്പമെങ്കിലും ചെറുത്തുനിന്നത്. അഞ്ച് വിക്കറ്റുമായി യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് ബോളിംഗിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, 3 വിക്കറ്റെടുത്ത ജഡേജയും വിന്‍ഡീസ് തകര്‍ച്ച വേഗത്തിലാക്കി.
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അരങ്ങേറ്റ താരം പൃഥ്വി ഷാ, വിരാട് കോഹ്ലി, ജഡേജ എന്നിവരുടെ സെഞ്ചുറികളുടേയും, പുജാര, പന്ത് തുടങ്ങിയവര്‍ നേടിയ അര്‍ധ സെഞ്ചുറികളുടേയും കരുത്തില്‍ 649/9 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. ആദ്യ മത്സരം ജയിച്ചതോടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഒക്ടോബര്‍ 12-ം തീയതി രാജ്കോട്ടിലാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക.