ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. പകരം ദീപക് ചാഹറിനെ ഇന്ത്യ ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച ചാഹര്‍ ദുബായിലെത്തുമെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
പാകിസ്താനെതിരായ മത്സരത്തിന് നടുവിന് പരിക്കേറ്റ പാണ്ഡ്യയെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. പാകിസ്താന്റെ ഇന്നിങ്സിലെ 18-ാം ഓവറിലായിരുന്നു സംഭവം. ആ ഓവറിലെ അഞ്ചാമത്തെ പന്ത് എറിയാനായി റണ്‍ അപ് എടുക്കവെ വേദന സഹിക്കാനാകാതെ താരം ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു. പരിക്ക് ഗുരുതരണമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പുറംവേദനയാണെന്ന് പിന്നീട് ബിസിസിഐയുടെ വിശദീകരണം വന്നു.
നിലവില്‍ ടീമിലെ പേസ് ബൗളിങ് ഓള്‍റൗണ്ടറാണ് പാണ്ഡ്യ. ഇരുപത്തിയാറുകാരനായ ദീപക് ചാഹര്‍ മീഡിയം പേസ് ബൗളറാണ്. അത്യാവശ്യം ഘട്ടങ്ങളില്‍ ചാഹറിനെ ബാറ്റ്സ്മാനായും ഉപയോഗിക്കാം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പരയില്‍ ഇന്ത്യന്‍ ടീമംഗമായിരുന്നു ദീപക്. ആ പരമ്പരയില്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിച്ച ദീപക് ജേസണ്‍ റോയിയുടെ വിക്കറ്റുമെടുത്തു. നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമാണ് ദീപക്.