ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുരപ്രതികാരം. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം 21 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.
52 റണ്‍സെടുത്ത രോഹിത് ശര്‍മയും 46 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഞായറാഴ്ച സൂപ്പര്‍ ഫോറില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഇന്ത്യ ലക്ഷ്യത്തിലെത്തുമ്പോള്‍ 31 റണ്‍സ് വീതമെടുത്ത അമ്പാട്ടി റായിഡുവും ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ നില്‍ക്കുകയായിരുന്നു.
പതിവ് പോരാട്ടത്തിന്റെ ചൂടുംചൂരുമില്ലാതിരുന്ന മത്സരത്തില്‍ ഒരുഘട്ടത്തില്‍പ്പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്താന് സാധിച്ചില്ല. ബാറ്റിങ്ങിലും ബൌളിങിലും ഫീല്‍ഡിങ്ങിലുമെല്ലാം ഇന്ത്യയാണ് മികച്ചുനിന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് തുടക്കത്തിലേ ഓപ്പണര്‍മാരെ നഷ്ടമായി.
തുടര്‍ന്ന് ഷൊയ്ബ് മാലിക്കും(43) ബാബര്‍ അസമും(47) ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചു. ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രിത് ബൂംറ രണ്ടു വിക്കറ്റെടുത്തു.