മനാമ: പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്ന യുഎഇയിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ. രവി പിള്ള രംഗത്ത്. പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യാനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കാനാണ് അദ്ദേഹം സന്നദ്ധനായിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന് നമ്പൂതിരിക്ക് കഴിഞ്ഞദിവസം കൈമാറി.
ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം.
അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കിയും മറ്റുള്ള രീതിയിലും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന തന്നെക്കുറിച്ച് അപവാദപ്രചാരണങ്ങള്‍ പ്രചരിക്കുന്നതില്‍ അദ്ഭുതം തോന്നുന്നെന്ന് ഡോ. രവി പിള്ള പറഞ്ഞു. ബഹ്റൈനില്‍ ജല വൈദ്യുത മന്ത്രാലയം താന്‍ ഏറ്റെടുത്തെന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ജലവൈദ്യുത മന്ത്രാലയം സര്‍ക്കാര്‍ നേരിട്ടു നടത്തുന്നതാണെന്നും ബഹ്റൈനിലും അങ്ങനെതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.