ശാസ്താംകോട്ട: നാടിന്റെ വളര്‍ച്ചയ്ക്കായി നിര്‍മ്മിച്ച ഹൈടെക് റോഡ് നിര്‍മ്മിച്ചതോടെ പണിയായത് ചരുവിള പുത്തന്‍വീട്ടില്‍ ആര്. സുധാകരനും കുടുംബത്തിനുമാണ്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നടന്ന റോഡ് നിര്‍മാണം കഴിഞ്ഞ് മാസങ്ങളായെങ്കിലും വഴി തുറക്കാന്‍ ആരുമെത്താത്തതാണ് ഇവരുടെ കുടുംബത്തിന് തിരിച്ചടിയായത്.
ചക്കുവള്ളിമലനടകല്ലുകുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇടയ്ക്കാട് ദേവഗിരിക്ക് സമീപം 20 അടി ഉയരത്തില്‍ നിര്‍മിച്ച പാര്‍ശ്വഭിത്തിയാണ് ഇവര്‍ക്ക് തടസമാകുന്നത്. റോഡില്‍ നിന്ന് വീടിന്റെ മേല്ക്കൂരയിലേക്കിട്ട തകിട് ഷീറ്റിലൂടെ സാഹസികമായാണ് കുടുംബം പുറത്ത് കടക്കുന്നത്.
ആരോഗ്യവകുപ്പില്‍ നിന്നു വിരമിച്ച സുധാകരന് ചെറിയ കുട്ടികള്‍ക്ക് ട്യൂഷന് എടുക്കുന്നുണ്ട്. ജീവനും കൈയ്യിലെടുത്താണ് കുട്ടികള്‍ വീട്ടിലേയ്ക്ക് ഇറങ്ങുന്നത്. പാര്‍ശ്വഭിത്തിയോട് ചേര്‍ന്നുള്ള ആഴമുള്ള കുഴി നികത്താനും അധികൃതര്‍ ഇതുവരെ തയ്യാറാകാത്തതും സുധാകരന് തിരിച്ചടിയാണ്.
കിലോമീറ്ററിനു ഒന്നരക്കോടിയോളം ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്. വീട്ടിലേയ്ക്കുള്ള വഴിക്കായി സൗകര്യം ഉറപ്പാക്കുമെന്ന് അറിയിച്ചാണ് നിര്‍മ്മാണം തുടങ്ങിയത്. പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നപ്പോള്‍ റാംപ് നിര്‍മാണത്തിനായി സമീപത്ത് കുഴിയെടുത്തെങ്കിലും വഴി മാത്രം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.