റിയാദ്: സൗദിയില്‍ സ്വദേശി വനിത തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നാലായിരം റിയാലാക്കാന്‍ തീരുമാനം. നിതാഖാത്ത് വ്യവസ്ഥ പ്രകാരമാണ് കുറഞ്ഞ വേതനം നാലായിരം റിയാലാക്കാന്‍ നിശ്ചിയിക്കുന്നത്. അതേസമയം സ്വദേശി വനിതകളുടെ വിരമിക്കല്‍ പ്രായം 50ല്‍ 60 ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഭേദഗതി ഭരണാധികാരി സല്മാന് രാജാവ് അംഗീകരിച്ചു.
രണ്ടായിരം റിയാല്‍ വേതനം ലഭിക്കുന്ന പാര്‍ട്ട് ടൈം ജോലിക്കാരായ സ്വദേശികളെ നിതാഖാത്തു വ്യവസ്ഥപ്രകാരം എണ്ണത്തില്‍ പകുതി ജീവനക്കാരനായി പരിഗണിക്കാനും ധാരണയായി. സ്വദേശി വനിതകളെയും പാര്‍ട്ട് ടൈം ജീവനക്കാരായി ജോലിക്ക് വെക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിദ്യാര്‍ത്ഥികളെ പത്ത് ശതമാനത്തില്‍ കൂടുതല്‍ ജോലിക്കു വെയ്ക്കാന്‍ പാടില്ലെന്നു വ്യവസ്ഥയുണ്ടാകും. എന്നാല്‍ ഹോട്ടലുകളില്‍ 40 ശതമാനം വരെ വിദ്യാര്‍ത്ഥികളെ നിയമിക്കാം.