ആലപ്പുഴ: മലയാളികള്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തേങ്ങയിടാന്‍ ആളെ കിട്ടാത്തത്. ഇതിന് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് കയര്‍ബോര്‍ഡ്. തേങ്ങയിടാന്‍ ആളെ കണ്ടെത്താനായി കയര്‍ബോര്‍ഡിന്റെ നേതൃത്വത്തില്‍ മൊബൈല്‍ആപ്പ് ഒരുക്കുകയാണ്. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പിന് രൂപം നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ ആലപ്പുഴയിലാണ് പദ്ധതി നടപ്പാക്കുക. ചകിരി ക്ഷാമം മൂലം കയര്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് പരിഹാരമായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കുന്നത്. ലഭിക്കുന്ന നാളികേരം ഉപഭോക്താവിനു ന്യായ വില നല്കി സഹകരണ സംഘങ്ങള്‍ക്കു കൈമാറും.തൊണ്ട് കയര്‍ഫെഡ് സംഭരിച്ചു സംഘങ്ങള്‍ക്കു നല്‍കും.
ആഭ്യന്തര വിപണിയില്‍നിന്നു പരമാവധി തൊണ്ടു ശേഖരിക്കുകയാണു ലക്ഷ്യം. പുരയിടം ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പിന്റെ രൂപ കല്പന. ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്താല്‍ കൃത്യമായ ഇടവേളകളിലെത്തി തേങ്ങ ഇടുന്ന വിധത്തിലാണു ക്രമീകരണം. ഒരുമാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.