കൊല്ലം: പണിപൂര്‍ത്തിയായി ഉദ്ഘാടനത്തിനായി രാഹുലിനെ കാത്തിരിക്കുകയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം. തെരഞ്ഞെടുപ്പ് ആയതോടെ രാഹുല്‍ ഗാന്ധി തിരക്കായതിനാലാണ് പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവും വൈകുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം താന്‍ ഉദ്ഘാടനത്തിനായി എത്തുമെന്ന് രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ആര് ശങ്കര്‍-സിഎം സ്റ്റീഫന്‍ സ്മാരക കോണ്‍ഗ്രസ് ഭവന് എന്നാണ് പുതിയ കെട്ടിടം അറിയപ്പെടുക. നിലവിലെ ഡിസിസി ഓഫീസിനോടു ചേര്‍ന്നാണ് പുതുതായി പണിത കെട്ടിടവും. രണ്ടുനിലകളിലായി ഏകദേശം 9000 ചതുരശ്ര അടി വിസ്തീര്‍ണമാണ് ഓഫീസിനുള്ളത്. താഴത്തെനിലയില്‍ ഡിസിസി പ്രസിഡന്റിനുള്ള മുറിയും മിനിഹാളും മുകളിലത്തെ നിലയില്‍ 800 പേര്‍ക്കിരിക്കാവുന്ന വലിയ ഹാളുമാണ് ഒരുക്കിയിരിക്കുന്നത്.
1959-ല്‍ സിഎം സ്റ്റീഫന്‍ ജില്ലാ അധ്യക്ഷനായിരിക്കുമ്പോള്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് ആര് ശങ്കറാണ് പഴയ ഡിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തത്. പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടകനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പായതിനാല്‍ രാഹുല്‍ഗാന്ധി തിരക്കിലാണ്. തിരഞ്ഞെടുപ്പിനുശേഷം ഉദ്ഘാടനത്തിനെത്താമെന്നാണ് അദ്ദേഹം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്.