ഏലൂര്‍: പാപ്പാന്മാരോട് പിണങ്ങിയ ആന തനിച്ച് നടന്നത് കിലോമീറ്ററുകളോളം. ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് പാപ്പാന്മാരോട് പിണങ്ങിപ്പോയത്. കിലോമീറ്ററുകളോളം സഞ്ചരിച്ച ആന പെരിയാറില്‍ നീന്തിക്കുളിക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് ശേഷം തളയ്ക്കാന്‍ കൊണ്ടുപോകവെ ഇടയുകയായിരുന്നു. ആനയെ തളയ്ക്കാന്‍ പാപ്പാന്മാര് ശ്രമിച്ചെങ്കിലും നടന്നില്ല. അനുസരണക്കേടു കാട്ടി ആന കിലോമീറ്ററുകളോളം നടന്നു പോകുകയായിരുന്നു. ശേഷം മണിക്കൂറുകളോളം പെരിയാറില്‍ നീന്തിക്കുളിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് ഏലൂര്‍ പോലീസും സ്ഥലത്ത് എത്തി. ആന അനുസരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ മയക്കുവെടിവയ്ക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇത് പാപ്പാന്മാര് സമ്മതിച്ചില്ല. ഒടുവില്‍ കുളി കഴിഞ്ഞ് പുഴയില്‍ നിന്ന് കയറിയ ആനയെ പാപ്പാന്മാര് രാത്രിയോടെ തളക്കുകയായിരുന്നു.