ചെന്നൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന് രജനികാന്ത് പറഞ്ഞു. രജനികാന്ത് ഇറക്കിയ ഒരു വാര്‍ത്താക്കുറിപ്പിലാണ് ഈ പ്രസ്താവനയുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താനോ തന്റെ പാര്‍ട്ടിയോ മത്സരിക്കില്ലെന്നും തന്റെ ഫോട്ടോയോ പാര്‍ട്ടിയുടെ ചിഹ്നമോ പ്രചരണാര്‍ഥം ഉപയോഗിക്കരുതെന്നും രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലക്ഷാമമാണെന്നും ഇതു പരിഹരിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും രജനി പറഞ്ഞു. കഴിഞ്ഞ ദിവസം അടുത്ത വേനലില്‍ കുടിവെള്ളം സുലഭമാക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി 158 കോടി രൂപ അനുവദിച്ചിരുന്നു.
രജനികാന്ത് തന്റെ രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2017 ഡിസംബര്‍ 31നാണ്. എന്നാല്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തെ തന്നെ രജനികാന്ത് പറഞ്ഞിരുന്നു.
രജനീകാന്ത് ബിജെപിയുമായി അടുക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രജനീകാന്തിന്റെ പിന്തുണ ലഭിച്ചാല്‍ തമിഴ്നാട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാമെന്നാണ് ബിജെപിയും കണക്കുകൂട്ടുന്നത്. എന്നാല്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റതോടെ സംഘടനയ്ക്ക് രാജ്യത്തെ സ്വാധീനം നഷ്ടപ്പെടുകയാണെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.