തിരുവനന്തപുരം: സനലിന്റെ കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച്ന്റെ കണ്ടെത്തല്‍. അപകടം എസ്ഐയെ അറിയിച്ചത് പ്രതിയായ ഹരികുമാരാണ്. അപകടശേഷം സനല്‍ കുമാര്‍ അര മണിക്കൂറോളം റോഡില്‍ കിടന്നു. ഇതാണ് മരണത്തിനിടയാക്കിയത്.
സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്ഐയെ വിളിച്ചറിയിച്ചതനുസരിച്ച് എസ്ഐ പാറാവുകാരനായ പോലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്. അപകട സ്ഥലത്ത് നിന്ന് സനലിനെ നേരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്.
എന്നാല്‍ സ്റ്റേഷനിലേക്ക് സനലിനെ കൊണ്ടുപോയില്ലെന്നും സ്റ്റേഷന് പുറത്ത് വച്ച് പോലീസുകര്‍ക്ക് ഡ്യൂട്ടിമാറി കേറാനായി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നും എസ്ഐ പറഞ്ഞു. ഇതേ തുടര്‍ന്ന് സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ സമയമെടുത്തു. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ച്ചയാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ഐജി റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി.