തിരുവനന്തപുരം: കഠിനംകുളം സ്വദേശിയായ യുവാവിനെ കൊന്നശേഷം മൃതദേഹം തമിഴ്നാട്ടിലെ ശുചീന്ദ്രത്തിനുസമീപം കൊണ്ടുപോയി കത്തിച്ച സംഭവത്തില്‍ പ്രധാന പ്രതി ഉള്‍പ്പെടെ രണ്ടുപേരെകൂടി അറസ്റ്റ് ചെയ്തു. വലിയതുറ വാട്ട്സ് റോഡില്‍ താമസിക്കുന്ന അനു അജു (27), കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടില്‍ ജിത്തു എന്ന ജിതിന് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞ അനു അജുവിനെ സിറ്റി ഷാഡോ പോലീസാണ് പിടികൂടിയത്.
വാഹന മോഷണക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ജിതിനെ ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അനു അജുവിന്റെ അമ്മ അല്‍ഫോണ്‍സ, ഇയാളുടെ ഭാര്യ രേഷ്മ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം മണക്കാട്ട് വീട്ടില്‍ ആകാശി(22)നെയാണ് അനുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കഴിഞ്ഞ മാര്‍ച്ച് 31ന് കൊലപ്പെടുത്തി തമിഴ്നാട്ടിലെ കൊറ്റയടി കൊണ്ടുപോയി കത്തിച്ചത്.
ആകാശും, പ്രതികളായ അനുവും ജിത്തു എന്ന ജിതിനും മോഷണക്കേസില്‍ ജയിലില്‍ കഴിയവേ തയ്യാറാക്കിയ പദ്ധതി പ്രകാരം പുറത്തിറങ്ങി അനുവിന്റെ നേതൃത്വത്തില്‍ വീണ്ടും ബൈക്ക് മോഷണം ആരംഭിച്ചത്. ആകാശും ജിത്തുവും ചേര്‍ന്ന് മോഷണം നടത്തുന്ന വാഹനങ്ങള്‍ അനുവിന്റെ വലിയതുറയിലുള്ള ‘മെറ്റ ലേപേര്ഡ്’ എന്ന വര്‍ക്ക്ഷോപ്പിലെത്തിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജരേഖകളുണ്ടാക്കി ആവശ്യക്കാര്‍ക്ക് ദിവസവാടകയ്ക്ക് കൊടുക്കുന്നതായിരുന്നു പദ്ധതി. വീണ്ടും നിരവധി വാഹനങ്ങള്‍ മോഷണം നടത്തി അനുവിന് കൈമാറിയ ആകാശ് കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടുപേരും തെറ്റി പിരിയുന്നത്.
ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ മൂവരുംചേര്‍ന്ന് നടത്തിയ മോഷണങ്ങളെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തുമെന്നും ആകാശ് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇയാളെ കൊല്ലാന്‍ അനുവും ജിത്തുവും രേഷ്മയും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയത്. രേഷ്മ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് വലിയതുറയിലുള്ള വര്‍ക്ക്ഷോപ്പിലെത്തിയ ആകാശിനെ ബിയറില്‍ ഉറക്കഗുളിക കലര്‍ത്തി ബോധം കെടുത്തി മൂവരുംചേര്‍ന്ന് ഇയാള്‍ ഇരുന്ന കസേരയില്‍ കൈകള്‍ ചേര്‍ത്തുവച്ച് കെട്ടി കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
പിറ്റേന്ന് വര്‍ക്ക്ഷോപ്പിലെ ഒരു ഭാഗത്ത് മൃതദേഹം ഷീറ്റ് മൂടി ഇട്ട ശേഷം ആകാശിന്റെ ഫോണുമായി കൊല്ലം ബസ് സ്റ്റാന്‍ഡിലെത്തി ആകാശിന്റെ ഫെയ്സ് ബുക്കില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയാണെന്ന തരത്തില്‍ സ്റ്റാറ്റസ് ഇട്ട ശേഷം ഫോണ്‍ നശിപ്പിച്ചുകളഞ്ഞു. തുടര്‍ന്ന് സ്കോര്‍പ്പിയോ വാഹനം വാടകയ്ക്കെടുത്ത് പുലര്‍ച്ചെ രണ്ടുമണിവരെ കാത്തിരുന്നശേഷം അനുവിന്റെ അമ്മ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ പരിസരം വീക്ഷിക്കുകയും മറ്റു മൂന്നുപേര്‍ കാറിന്റെ ഡിക്കിയില്‍ മൃതദേഹം കയറ്റി തമിഴ്നാട്ടിലെ ശുചീന്ദ്രം ഭാഗത്തെ വിജനപ്രദേശത്ത് കൊണ്ടു പോയി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.