മുംബൈ: മഹാരാഷ്ട്രയില്‍ മനുഷ്യരുടെ കൊടുംക്രൂരതയില്‍ പൊലിഞ്ഞത് 90 തെരുവ് നായ്ക്കളുടെ ജീവന്. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. നൂറോളം നായ്ക്കളുടെ വായും കാലും കൂട്ടിക്കെട്ടി റോഡരികില്‍ തള്ളുകയായിരുന്നു. ഇവയില്‍ 90 നായ്ക്കള്‍ ചത്ത നിലയില്‍ കണ്ടെത്തി. കിഴക്കന്‍ മഹാരാഷ്ട്രയിലെ വനമേഖലയിലെ ഗിര്‍ദ സവാല്‍ദബര റോഡിലെ വിവിധ പ്രദേശങ്ങളിലാണ് നായ്ക്കളുടെ മൃതദേഹം കണ്ടെത്തിയത്.
റോഡില്‍ നിന്ന് ദുര്‍ഗന്ധം പരന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗിര്‍ദ സവാല്‍ദബര റോഡില്‍ അഞ്ചു സ്ഥലങ്ങളിലായാണ് നായ്ക്കളെ കണ്ടെത്തിയത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടന്‍ തന്നെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
നായ്ക്കളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം അറിയാനാകു എന്ന് ഉദ്യോഗസ്ഥര്‍ അറിയച്ചു. അതേസമയം മൃഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയുന്ന 1960ലെ ആക്ട് പ്രകാരം അജ്ഞാത കൊലയാളിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.