രണ്ട് ഗ്രീന്‍ ആണ് മാമ്പകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം കടല്ത്തീരത്തെത്തിയവര്ക്ക് കൗതുകമാകുന്നു. സാധാരണയായി തന്റെ ആവാസ പരിധിയില്‍ അതിക്രമിച്ചു കടക്കുന്നവരെ ആണ് മാമ്പകള്‍ തുരത്തിയോടിക്കുക പതിവാണ്. ഒരു ആണ് മാമ്പയുടെ അതിര്‍ത്തിയില്‍ മറ്റ് ആണ്മാമ്പകള് പ്രവേശിച്ചാലും പോരാട്ടം ഉറപ്പാണ്. പോരാട്ടത്തില്‍ പരാജയപ്പെടുന്ന മാമ്പ അതിര്‍ത്തിവിട്ട് പോകുകയാണ് പതിവ്.
ഗ്രീന്‍ മാമ്പകള്‍ തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ തീരങ്ങളില്‍ കാണപ്പെടുന്ന അതീവ വിഷമുള്ള പാമ്പുകളാണ്. മരത്തിനു മുകളില്‍ കൂടി അനായാസം സഞ്ചരക്കാന് ഇവയ്ക്കു കഴിയും ഈസ്റ്റ് ആഫ്രിക്കന്‍ ഗ്രീന്‍ മാമ്പയെന്നും വൈറ്റ് മൗത്ത്ഡ് മാമ്പയെന്നും ഇവ അറിയപ്പെടുന്നു. ഈ വിഭാഗത്തില്‍ പെട്ട പെണ് മാമ്പകള്ക്ക് ആറര അടിയിലധികം നീളമുണ്ടാകും. പക്ഷികളും വവ്വാലുകളും പക്ഷിമുട്ടകളും എലിയുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം.
പെണ് മാമ്പകളുടെ മുന്നില്‍ ശക്തി തെളിച്ച് ഇണചേരാനായും ആണ് മാമ്പകള്‍ പോരാടാറുണ്ട്. അത്തരത്തിലുള്ള പോരാട്ടമാകാം ഇതെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ സമീപത്തെവിടെയെങ്കിലും പെണ് മാമ്പ പതിയിരിക്കുന്നുണ്ടാവുമെന്നും പാമ്പുകളെക്കുറിച്ചു പഠനം നടത്തുന്നവര്‍ പറയുന്നുണ്ട്.
ഗ്രീന്‍ മാമ്പകളുടെ ഈ പോരാട്ടം കോര്‍ലെറ്റ് വെസ്സല്‍ എന്ന യുവതിയാണ് പകര്‍ത്തിയത്. ഏകദേശം 45 മിനിട്ടോളം ഇവയുടെ പോരാട്ടം നീണ്ടു നിന്നെന്ന് കോര്‍ലെറ്റ് വെസ്സല്‍ പറഞ്ഞു. തീരത്തെ പൂഴിമണലില്‍ പിണഞ്ഞു കിടന്നായിരുന്നു യുദ്ധം. പാമ്പുകള്‍ പരസ്പരം കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ച അഞ്ചു മീറ്ററോളം മാറിനിന്നാണ് കോര്‍ലെറ്റ് വെസ്സലും കൂട്ടരും ചിത്രീകരിച്ചത്. ഗ്രീന്‍ മാമ്പകള്‍ സാധാരണ മനുഷ്യരുടെ സാമീപ്യം കണ്ടാല്‍ ഒഴിഞ്ഞുമാറുന്നവയാണ്. അതുകൊണ്ടു തന്നെ ഇവയെ കാണാന്‍ സാധിക്കുന്നത് വളരെ അപൂര്‍വമായാണ്.