നമ്മുടെ പശ്ചിമഘട്ടത്തിലുള്ള അതിസുന്ദരനായ പക്ഷിയാണ് തീകാക്ക (malabar trogon). അസാധാരണ വര്‍ണ്ണഭംഗിയുള്ള തീക്കാക്കയ്ക്ക് കാട്ടുമൈനയോളം വലിപ്പമുണ്ടാകും. തീക്കാക്ക ട്രോഗോണിഫോമെസ് പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ കുടുംബത്തില്‍പ്പെടുന്നു ഒരിനം കാട്ടുപക്ഷിയാണ്. ഇതിന്റെ ശാസ്ത്രനാമം ഹാര്‍പാക്ടെസ് ഫാസിയേറ്റസ് എന്നാണ്.
ആണ് പക്ഷിക്കാണ് കൂടുതല്‍ സൗന്ദര്യം. ഇവയുടെ തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ കറുപ്പുനിറമാണ്. തവിട്ടു നിറത്തിലുള്ള മാറില്‍ മാല പോലെ ഒരു വെള്ളപ്പട്ടയുണ്ട്. മാറിന്റെ അടിഭാഗത്തിന് കടും ചുവപ്പു നിറമായിരിക്കും. പക്ഷിയുടെ പുറംഭാഗവും വാലിന്റെ ഉപരിഭാഗവും മഞ്ഞകലര്ന്ന തവിട്ടുനിറമാണ്. കറുപ്പുനിറമുള്ള ചിറകുകളില്‍ നിരവധി നേരിയ വെള്ളവരകള്‍ കാണാം.
പെണ് പക്ഷിക്ക് അത്ര ഭംഗിയില്ല. അവയുടെ ശരീരത്തിന് അടിവശത്തിന് മഞ്ഞകലര്ന്ന ഇളം തവിട്ടുനിറമാണ്. തലയും കഴുത്തും കടും തവിട്ടുനിറവും. തീക്കാക്കകളുടെ തല തടിച്ചതും മൂര്‍ദ്ധാവ് പരന്നതുമാണ്. ചുണ്ട് പരന്നതും താരതമ്യേന കുറുകിയതുമാണ്.
ഇപ്പോള്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ തീകാക്കക്കുടുംബത്തിന്റെ ചിത്രം ക്യാമറയിലേക്ക് പകര്‍ത്തിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോസ്ഥനും വന്യജീവി ഫോട്ടോഗ്രാഫറുമായ പിജെ സുഹൈബ്. തീകാക്കക്കുഞ്ഞിന് തീറ്റ കൊടുക്കുന്ന അച്ഛന്റേയും അമ്മയുടേയും ചിത്രമാണ് സുഹൈബ് ക്യാമറയിലേക്ക് പകര്‍ത്തിയത്. ചെറിയ പച്ചക്കുതിരകള്‍ ആയിരുന്നു ആഹാരം.