മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ യുവരാജ് സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തില്‍ നിലപാട് വ്യക്തമാക്കി. സമയമായെന്ന് തോന്നുമ്പോള്‍ വിരമിക്കാനുള്ള തീരുമാനം ആദ്യമെടുക്കുക താന്‍ തന്നെയാകുമെന്നായിരുന്നു 37കാരനായ യുവിയുടെ മറുപടി.
ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു കഴിഞ്ഞ രണ്ടുവര്ഷമെന്നും ആ സമയം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ലായിരുന്നുവെന്നും യുവി പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയകാലം മുതല്‍ അത് ഞാന്‍ ആസ്വദിച്ചിരുന്നുവെന്നും ഇപ്പോഴും താന്‍ ആസ്വദിക്കുന്നുണ്ടെന്നും ഇന്ത്യക്കായി കളിക്കാതിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നുവെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.
താന്‍ ഇക്കാര്യത്തെക്കുറിച്ച് സച്ചിന് ടെന്‍ഡുല്‍ക്കറുമായും സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങളാണ് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കിയതെന്നും യുവി പറഞ്ഞു. കളി ആസ്വദിക്കുന്നിടത്തോളം അത് തുടരുക എന്നത് തന്നെയാണ് എന്റെ നയമെന്നും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം യുവി പറഞ്ഞു. മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ യുവിക്ക് കഴിഞ്ഞില്ല.