നാഗ്പുര്‍: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ ടീം ആദ്യ മത്സരത്തില്‍ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കളിക്കളത്തിലിറങ്ങുക. അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാഗ്പുരില്‍ വച്ചാണ്. എന്നാല്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഏതാനും മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ തയ്യാറായേക്കുമെന്നാണ് സൂചന. ഫോമിലല്ലാത്ത ശിഖര്‍ ധവാനു പകരം ഇന്ന് കെഎല്‍ രാഹുലിനെ പരീക്ഷിച്ചേക്കും.
ആദ്യ ഏകദിനത്തില്‍ത്തന്നെ ട്വന്റി 20 പരമ്പരയില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വിയുടെ (20) ക്ഷീണം ഇന്ത്യ മാറ്റി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസീസിനെക്കാള്‍ ഒരുപടി മുന്നില്‍നിന്ന ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തു. ആദ്യ ഏകദിനത്തില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മുന്‍നിര പ്രതിസന്ധിയിലാകുമ്പോള്‍ മധ്യനിര ബാറ്റ്സ്മാന്മാര് അവസരത്തിനൊത്തുയര്‍ന്നു.
നാഗ്പുരിലെ പിച്ചില്‍ നേരത്തേ മൂന്നുതവണ ഓസീസുമായി കളിച്ചപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു. ധാനിയുടെ ഫിറ്റ്നെസ്സില് സംശയമുണ്ട്. എന്നാല്‍ തിങ്കളാഴ്ച ധോനി ഏറെസമയം പരിശീലിച്ചു. സ്പിന്നര്‍ കുല്‍ദീപിന് പകരം യുസ്വേന്ദ്ര ചാഹലിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. ഓസ്ട്രേലിയന്‍ നിരയില്‍ ആഷ്ടണ്‍ ടര്ണര്ക്കുപകരം ഷോണ്‍ മാര്‍ഷ് തിരിച്ചെത്തും.
സാധ്യത ടീം: ഇന്ത്യ: ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, ധോനി, കേദാര്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ: ഉസ്മാന് ഖവാജ, ആറോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഷോണ്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയ്നിസ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാക്സ്വെല്, അലക്സ് കാരി, കൂള്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, ബെയറന്ഡോര്ഫ്, ആദം സാംപ.