ന്യൂഡല്‍ഹി: ദീര്‍ഘദൂര യാത്രകളിലും മറ്റും സ്ത്രീകള്‍ക്ക് വെല്ലുവിളിയും, അതുപോലെ ദുരിതവുമാണ് മൂത്രശങ്ക. പുരുഷന്മാര്ക്ക് ഒതുങ്ങിയ വഴികളില്‍ നിന്നും കാര്യം സാധിക്കാം, എന്നാല്‍ സ്ത്രീകള്‍ക്ക് അതിനു സാധിക്കില്ല. പലയിടങ്ങളിലും ശൗചാലയമുണ്ടെങ്കിലും വൃത്തി ഹീനത കണക്കിലെടുത്ത് പലരും പോകാതെ പിടിച്ചു വയ്ക്കുന്ന കാഴ്ചയാണുള്ളത്. ഇത് മാരകമായ അസുഖങ്ങളിലേയ്ക്ക് വഴിവെയ്ക്കുമെന്നാണ് പഠനം.
ഇനി വൃത്തി ഹീനത വകവെയ്ക്കാതെ സാധിച്ചാല്‍ തന്നെ അണുബാധയ്ക്കും കാരണമാകും. ഇതിന് ശാശ്വത പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍. സ്ത്രീകള്‍ക്കായി നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്ന ഉപകരണമാണ് ആ’ശങ്ക’യ്ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നിവരാണ് വിപ്ലവകരമായ കണ്ടെത്തലിനു പിന്നില്‍. സാന്ഫിയെന്ന ഈ ഉപകരണത്തിന് പത്തുരൂപ മാത്രമാണ് വില. ‘നഗരത്തിലെ വിവിധ ശൗചാലയങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
71 ശതമാനം പൊതുശൗചാലങ്ങളും കൃത്യമായി വൃത്തിയാക്കപ്പെടുന്നില്ല. ഇതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. മൂത്രമൊഴിക്കുന്നതിന് വേണ്ടി ടോയ്ലറ്റ് സീറ്റില്‍ ഇരിക്കേണ്ടി വരുന്നവരാണ് സ്ത്രീകള്‍. ഇത് അണുബാധക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ പല സ്ത്രീകളും പൊതുശൗചാലയം ഉപയോഗിക്കാന്‍ മടികാണിക്കുന്നു.’ ഹരിയും അര്‍ച്ചിതും പറയുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയും ചുരിദാറും ധരിക്കുന്നവരാണ്. ഇത് മുന്നില്‍ കണ്ടാണ് സാന്‍ഫി നിര്‍മിച്ചിരിക്കുന്നത്.
ഒരു കൈകൊണ്ട് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇത്. മറുകൈകൊണ്ട് വസ്ത്രം പിടിക്കുകയും ചെയ്യാം. ആര്‍ത്തവകാലത്തും ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഉപയോഗശേഷം കളയാവുന്ന സാന്‍ഫി ബയോഡിഗ്രേഡബിള്‍ പേപ്പര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ ഉല്പന്നമായതിനാല് മലിനീകരണത്തെ കുറിച്ചുള്ള ആശങ്കയും വേണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നുണ്ട്.