വിവാഹം കഴിഞ്ഞ എല്ലാവരുടെയും അടുത്ത ആഗ്രഹമാണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേണമെന്നത്. അതുകൊണ്ടുതന്നെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ അത്രയധികം ഉത്കഠയും കാണും. മാതാപിതാക്കളെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന ഒരു രോഗമാണ് ഓട്ടിസം.
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടു കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. കുഞ്ഞുങ്ങളില്‍ ഓട്ടിസം കണ്ടെത്താന്‍ വൈകുന്നത് മാതാപിതാക്കള്‍ക്കു കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കാറുണ്ട്. ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തില്‍ രണ്ടു പേര്‍ക്കെങ്കിലും ഓട്ടിസം ഉണ്ട്. ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചയ്ക്കു വളരെ സാധാരണക്കാരാണ്.
ഇന്ത്യയില്‍ മാത്രം ഏതാണ്ട് 1.7 – 2 മില്യണും ഇടയില്‍ ഓട്ടിസം ബാധിതരായ കുട്ടികള്‍ ഉണ്ടെന്നാണു കണക്കുകള്‍. ന്യൂയോര്‍ക്കിലെ റെന്‍സെലാര്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ നടത്തിയ പഠനത്തില്‍ രക്തപരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ 90 ശതമാനത്തോളം കൃത്യതയോടെ കണ്ടെത്താന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു.
ആദ്യത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത 18.7 ശതമാനമാണ്. ഗര്‍ഭിണിയുടെ ശരീരത്തിലെ മെറ്റബോളിക് പാത് വേകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയുന്നത് വഴിയാണ് ഈ പരിശോധനയിലൂടെ കുട്ടിക്ക് ഓട്ടിസം ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടെത്തുന്നതെന്നും പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ പറയുന്നു.
ഓട്ടിസമുള്ള കുഞ്ഞുങ്ങളുടെ അമ്മമ്മാര് രണ്ടാമതു ഗര്‍ഭിണികളായപ്പോള്‍ അവരിലും, ഓട്ടിസം ഇല്ലാത്ത കുട്ടികളുടെ അമ്മമാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.