കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ വിജയികളായി കപ്പില്‍ മുത്തമിട്ടിരിക്കുകയാണ് അര്‍ജന്റീന. അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുകയാണ് ലോകത്താകമാനമുള്ള ആരാധകര്‍. അര്‍ജന്റീന വിജയം നേടിയതിന് പിന്നാലെ വൈറലായിരിക്കുകയാണ് മറ്റൊരു വീഡിയോ.
കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കിയതിന് പിന്നാലെ പ്രവാസി മലയാളികളുടെ ഫാന്‍ ഫൈറ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അര്‍ജന്റീന ആരാധകനായ സുഹൃത്ത് മത്സരത്തിന് പിന്നാലെ ആഹ്ളാദ പ്രകടനം നടത്തി, ബ്രസീല്‍ ആരാധകനായ റൂം മേറ്റിന് ഇഷ്ടമായില്ല. ആഹ്ളാദ പ്രകടനം പ്രകോപിപ്പിക്കലായി പരിണമിച്ചതിന് പിന്നാലെ കുപിതനായ റൂം മേറ്റ് സുഹൃത്തിനെ കസേരകൊണ്ട് തല്ലാനോങ്ങി.
ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 12th Man സിനിമയുടെ തിരക്കഥകൃത്തായ കൃഷ്ണകുമാര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ വീട്ടിലെ അതേ സ്ഥിതി. അപ്പന് ബ്രസീല്‍. മോന് അര്‍ജന്റീന’ എന്നാണ് വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫുട്ബോള്‍ ആരാധകര്‍ ഈ രസകരമായ വീഡിയോ ട്രോളുകളാക്കുകയും ചെയ്യുന്നുണ്ട്. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ അവരുടെ മണ്ണില്‍, അവരുടെ വിഖ്യാതമായ കളിമുറ്റത്ത് ഏകപക്ഷീയമായ ഒരു ഗോളിനു തോല്പിച്ചായിരുന്നു അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്.