മോസില്ലയുടെ തീക്കുറുക്കന്‍ ഇന്റര്‍നെറ്റില്‍ സ്വന്തം സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. പുതിയ ഫീച്ചറുകളും വേര്‍ഷനുകളും എത്തുന്നതോടൊപ്പം ഫയര്‍ഫോക്സിന്റെ പരമ്പരാഗത ലോഗോ പുതുതായി രൂപകല്പന ചെയ്യാന്‍ ഒരുങ്ങുകയാണ് മോസില്ല.
വര്‍ച്വല്‍ റിയാലിറ്റി, വോയ്സ് അസിസ്റ്റന്‍സ് തുടങ്ങിയ പുതുകാല സങ്കേതങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെ തീവാലുള്ള കുറുക്കന് തങ്ങളുടെ ഉല്പന്ന കുടുംബത്തിന്റെ യഥാര്‍ഥ പ്രതിരൂപമാകുന്നില്ല എന്ന തോന്നലാണ് കമ്പനിക്കുള്ളത്. അതുകൊണ്ടുതന്നെ നിറവും രൂപവും മാറ്റാനുള്ള തീരുമാനത്തിലാണ് അവര്‍.
ഒരു ഓപ്പണ്‍ സോഴ്സ് കമ്പനിയായിരിക്കേ ഉപയോക്താക്കളുടെ പിന്തുണയും അവരുടെ നിര്‍ദേശങ്ങളും സ്വീകരിച്ച് പുതിയ ലോഗോ ഡിസൈന്‍ ചെയ്യാനാണ് മോസില്ലയുടെ ശ്രമം. അതുകൊണ്ടുതന്നെ രണ്ടു ഡിസൈന്‍ സിസ്റ്റം അപ്രോച്ചുകള്‍ അവര്‍ പുറത്തിറക്കിയിട്ടുമുണ്ട്.
ഫെനിക്സ് എന്ന കോഡ് നെയിമില്‍ യുവതലമുറയെ ലക്ഷ്യമിട്ട് മോസില്ല ഒരു ആന്‍ഡ്രോയ്ഡ് ബ്രൗസര്‍ വികസിപ്പിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വെബ് ഉപയോഗങ്ങള്‍ സ്വന്തം ശബ്ദത്താല്‍ നിയന്ത്രിക്കാവുന്ന സ്കൗട്ട് എന്ന വോയ്സ്-കണ്ട്രോള്ഡ് പ്ലാറ്റ്ഫോമും മോസില്ലയുടെ ഗവേഷണശാലയിലുണ്ട്. ഇത്തരം പുതുമകള്‍ പ്രതിഫലിക്കുന്നതാകണം പുതിയ ലോഗോയും എന്നാണ് കമ്പനിയുടെ പക്ഷം.
ഉപയോക്താക്കള്‍ നല്കുന്ന കമന്റുകളില്നിന്നാണ് പുതിയ ഡിസൈന്‍ രൂപപ്പെടുക. സിസ്റ്റം ഒന്നില്‍ ഒരു ജ്യാമിതീയ കുറുക്കന്തലയും, രണ്ടില്‍ ഒരു തീജ്വാലയും ഉണ്ട്. ഈ മാസ്റ്റര്ബ്രാന്ഡ് ഡിസൈനിനു കീഴിലാകും മറ്റു പ്രോഡക്ടുകള്‍ വരിക. പുതിയ ആപ്ലിക്കേഷനുകള്‍ക്കുള്ള ഐക്കണുകളും അഭിപ്രായം തേടി അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ (സഫാരി), ഗൂഗിള്‍ (ക്രോം), മൈക്രോസോഫ്റ്റ് (എഡ്ജ്) എന്നിവയുമായണ് മോസില്ലയുടെ കടുത്ത മത്സരം.