പാരിസ്: പാരിസില്‍ നടന്ന ഇരുപത്തിയേഴാം പിറന്നാള്‍ ആഘോഷത്തില്‍ പാട്ട് പാടി നൃത്തം ചെയ്ത ശേഷം കണ്ണീരണിഞ്ഞ് ബ്രസീല്‍ താരം നെയ്മര്‍. ആഘോഷത്തിനെത്തിയവരോട് നന്ദി പറയുന്നതിനിടയിലാണ് നെയ്മര്‍ കണ്ണീരണിഞ്ഞത്.
‘കളിക്കളത്തിലേക്ക് തിരിച്ചുപോകുക എന്നതാണ് എനിക്ക് പിറന്നാള്‍ സമ്മാനമായി വേണ്ടത്. പക്ഷേ ഇപ്പോള്‍ അത് സാധ്യമല്ല. ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നത് ഫുട്ബോള്‍ കളിക്കുമ്പോഴാണ്. അത് എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്’ കരച്ചിലടക്കിക്കൊണ്ട് ബ്രസീല്‍ താരം പറഞ്ഞു.
A tearful Neymar didn’t get the birthday present he wanted ? pic.twitter.com/JW5Gm6kAAP
— ESPN UK (@ESPNUK) February 5, 2019
പത്ത് ആഴ്ച്ചയായി പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഈ ബ്രസീല്‍ താരം. പിറന്നാള്‍ ആഘോഷത്തിന് ഫ്രഞ്ച് താരം എബാപ്പെയും ബ്രസീലിലെ സഹതാരം ഡാനി ആല്‍വ്സും എത്തിയിരുന്നു. ഇരുവരും പിഎസ്ജിയില്‍ നെയ്മറിനൊപ്പമാണ് കളിക്കുന്നത്. പാരിസില്‍ നടന്ന പിറന്നാളാഘോഷത്തിന് ചുവന്ന വസ്ത്രം ധരിച്ചാണ് എല്ലാവരുമെത്തിയിരുന്നത്. പരിക്കേറ്റ നെയ്മറെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടില്ല.
പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയാല്‍ ഏപ്രിലില്‍ താരം കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. നെയ്മര്‍ക്ക് പരിക്കേറ്റത് കഴിഞ്ഞാഴ്ച്ച ഫ്രഞ്ച് കപ്പില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിലാണ്. പിഎസ്ജി മത്സരം 2-0ന് വിജയിച്ചിരുന്നു.