സമൂഹമാധ്യമങ്ങളില്‍ ഇനി ആര്‍ത്തവ ഇമോജിയും. ആര്‍ത്തവം ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്നും അത് മറ്റുള്ളവരില്‍ നിന്നും മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ആര്‍ത്തവ ഇമോജി അവതരിപ്പിച്ചിട്ടുള്ളത്. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രമാണ് ഇമോജി.
ഈ വര്‍ഷം മാര്‍ച്ചോടെ ഇമോജി പുറത്തിറക്കും. ഇതോടെ ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സംവാദങ്ങളും കൂടുതല്‍ ജനകീയമാകുമെന്നാണ് കരുതപ്പെടുന്നത്. പരസ്യങ്ങളില്‍ പൊതുവെ ആര്‍ത്തവത്തെ സൂചിപ്പിക്കാനായി നീല നിറമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ഇമോജിയില്‍ ആര്‍ത്തവരക്തത്തിന്റെ ചുവന്ന നിറം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെയുടെ നേതൃത്വത്തില്‍ 55000 പേര് പിന്തുണച്ച ക്യാംപയിന്റെ ഫലമാണ് പുതിയ ഇമോജി വന്നിരിക്കുന്നത്. #PeriodEmoji എന്ന ഹാഷ് ടാഗും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു.