ആറ്റിങ്ങല്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസിയെന്ന നിലയില്‍ അവസാനനിമിഷംവരെ പോരാടുമെന്നും വിശ്വാസി സമൂഹത്തിന്റെ ഹൃദയത്തില്‍ തൊട്ടുകളിക്കരുതെന്നും സുരേഷ്ഗോപി എംപി.
എന്‍ഡിഎ സംസ്ഥാന ചെയര്മാന് പിഎസ് ശ്രീധരന്‍പിളള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ തുടക്കം ആലംകോട് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
ആചാരനുഷ്ഠാനങ്ങളുടെ നൈരന്തര്യം ഉറപ്പുവരുത്താന്‍ ഏതു സര്‍ക്കാരിനും ബാധ്യതയുണ്ട്. അതിനെ വ്രണപ്പെടുത്തിയപ്പോഴാണ് സ്വമേധയാ വിശ്വാസികള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയത്. ഇത് കണ്ടില്ലെന്നു നടിക്കുന്നത് ഭരണപക്ഷത്തിന്റെ മൂഢത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സവര്‍ണരുടെ പാര്‍ട്ടിയാണെന്നും മറ്റും കല്ലുവച്ചനുണകള്‍ പ്രചരിപ്പിച്ച് ജനപിന്തുണ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ജാഥാക്യാപ്റ്റന് പിഎസ് ശ്രീധരന്‍പിളള ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കാനും മുതലെടുക്കാനുമുളള ശ്രമമാണത്. കഴിഞ്ഞ വര്‍ഷം മക്കയില്‍ 23 ലക്ഷവും വത്തിക്കാനില്‍ 40 ലക്ഷവും തീര്‍ത്ഥാടകരെത്തിയെന്നാണ് കണക്കുകള്‍. അതേസമയം ശബരിമലയിലെത്തിയത് 5.14 കോടി ഭക്തരാണ്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു.