മുംബൈ: ഏഷ്യാകപ്പിനുള്ള പതിനാറംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ രാജസ്ഥാനില്‍ നിന്നുള്ള ഈ ഇടങ്കയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ഇന്ത്യന്‍ ജഴ്സിയില്‍ കളിക്കും മുമ്പ് ഖലീലിന് നന്ദി പറയാനുള്ളത് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോടാണ്.
ഖലീലിന്റെ ആദ്യ പ്രതികരണം ടീമിലുള്പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞതിന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു. ‘ഏതൊരു താരത്തിന്റെയും ആഗ്രഹമാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത്. ഇതിനെല്ലാം നന്ദി പറയാനുള്ളത് രാഹുല്‍ ദ്രാവിഡിനോടാണ്’ ഖലീല്‍ പറയുന്നു.
കളിച്ചുതുടങ്ങിയപ്പോള്‍ പരിഭ്രാന്തിയോടെ പന്തെറിഞ്ഞിരുന്ന തന്നെ ആത്മവിശ്വാസത്തോടെ കളിക്കാന്‍ പഠിപ്പിച്ചതും അണ്ടര്‍ 19 ടീമില്‍ കളിക്കുമ്പോള്‍ എന്റെ തെറ്റുകള്‍ തിരുത്തി പ്രൊഫഷണല്‍ താരമാക്കി വളര്‍ത്തിയതും ദ്രാവിഡാണെന്നും കരിയറിലെ നേട്ടങ്ങള്‍ക്ക് അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ഖലീല്‍ പറയുന്നു.
ഖലീല്‍ അഹമ്മദ് കുട്ടിക്കാലം മുതല്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്റെ ആരാധകനായിരുന്നു. ഖലീലിന്റെ ഇപ്പോഴത്തെ ആഗ്രഹം സഹീറിനെപ്പോലെ കളിച്ച് അദ്ദേഹത്തിന്റെ പിന്ഗാമിയാകണമെന്നുള്ളതാണ്. സഹീര്‍ ഖാന്റെ നേട്ടങ്ങളുടെ അടുത്തെങ്കിലും എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിലും സന്തോഷമുള്ള കാര്യം വേറെയില്ലെന്നും ഖലീല്‍ വ്യക്തമാക്കി.
2016ലെ അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഖലീല്‍ ഇന്ത്യയുടെ ജഴ്സിയണിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ ഒരൊറ്റ സീസണ് മാത്രം കളിച്ചിട്ടുള്ള ഈ ഇരുപതുകാരന് രണ്ട് ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളത്. 2018ലെ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മികച്ച പ്രകടനമാണ് യുവതാരം പുറത്തെടുത്തത്. ഇന്ത്യ എയ്ക്കായി കളിച്ച കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 15 വിക്കറ്റ് വീഴ്ത്തി.