ഫിലിപ്പൈന്‍സ്: ആദിമകാലം മുതല്‍ മനുഷ്യന്റെ ഉറ്റ സുഹൃത്താണ് നായ. അതുകൊണ്ടുതന്നെയാണ് ഏറ്റവും ഇണക്കമുള്ള കൂട്ടായി നായ മാറിയത്. ഉടമയോട് ഇണങ്ങിക്കഴിഞ്ഞാല്‍ ഏറ്റവും സ്നേഹം അവര്‍ക്കു തന്നെ.
എന്നാല്‍ അതിന് പുതിയതും വളരെ ആഴമേറിയതുമായ അര്‍ത്ഥം നല്‍കിയിരിക്കുകയാണ് ഈ വീഡിയോ. ഫിലിപ്പൈന്‍സിലെ ഒരു നഗരവീഥിയില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ ആണ് ഇത്. തന്റെ ഉടമയുടെ വീല്‍ ചെയര്‍ തള്ളി നീക്കുന്ന വളര്‍ത്തുനായ. കാണുന്ന ഓരോരുത്തരുടെയും കണ്ണുനിറയ്ക്കുന്ന കാഴ്ചയായി അത് മാറി.
ഫെയ്ത്ത് എല്‍ റവില്ല എന്ന എംബിഎ വിദ്യാര്‍ത്ഥിയാണ് ഈ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ‘യജമാനന്റെ വീല്‍ചെയര്‍ തള്ളി നീക്കുന്ന ഒരു മിണ്ടാപ്രാണി. ഇതിലും മഹത്തരമായ കാഴ്ച വേറെയില്ല. ഇപ്പോള്‍ എന്റെ വികാരങ്ങള്‍ വിശദീകരിക്കുവാന്‍ എനിക്ക് വാക്കുകളില്ല’. വീഡിയോയ്ക്കൊപ്പം ഫെയ്ത്ത് ഇങ്ങനെ കുറിച്ചു.
ഡാനിലോ അലാര്കണ് എന്ന നാല്‍പ്പത്തി ആറുകാരനും വളര്‍ത്തു നായയുമാണ് ഇവിടെ താരങ്ങളായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട ഡാനിലോയ്ക്ക് കൂട്ട് ഡിഗോങ് എന്ന ഈ നായയാണ്.
റവില്ല നോക്കുമ്പോള്‍ ഡിഗോങ് തന്റെ തല ഉപയോഗിച്ച് യജമാനന്റെ വീല്‍ ചെയര്‍ തള്ളി നീക്കുകയായിരുന്നു. താനും കുറച്ചു നേരം വീല്‍ ചെയര്‍ തള്ളി നീക്കാന്‍ സഹായിച്ചെന്നും അവരെ രണ്ട് പേരെയും കണ്ടത് വളരെ സുന്ദരമായ നിമിഷമായിരുന്നുവെന്നും റവില്ല പറയുന്നു. ഡാനിലോയെയും ഡിഗോങിനെയും അടുത്തുള്ള ഭക്ഷണശാലയില്‍ കൊണ്ടുപോയി ഇഷ്ടമുള്ളത് വാങ്ങിക്കൊടുത്തുവെന്നും റവില്ല ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.