തേങ്ങയ്ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്. കൊളംബിയയിലാണ് മയക്കുമരുന്ന് നിറച്ച ആയിരക്കണക്കിന് തേങ്ങകള്‍ പിടികൂടിയത്. തേങ്ങയിലെ വെള്ളം എടുത്തു കളഞ്ഞ് പകരം ദ്രാവകരൂപത്തിലുള്ള കൊക്കെയിന്‍ നിറയ്ക്കുകയായിരുന്നുവെന്ന് കൊളംബിയന്‍ നാഷനല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അമേരിക്കയിലേക്കും യൂറോപ്പിലേക്കും മയക്കുമരുന്നുകള്‍ എത്തിക്കുന്ന പ്രധാന ഇടമായ കൊളംബിയയിലെ ഒരു തുറമുഖത്തല് വെച്ചാണ് തേങ്ങകള്‍ പിടികൂടിയത്. ദ്രാവക രൂപത്തിലുള്ള കൊക്കെയിന്‍ നിറച്ച 20,000 തേങ്ങകള്‍ അടങ്ങിയ കണ്ടെയിനറാണ് കണ്ടെത്തിയത്.
500 കാന്‍വാസ് സഞ്ചികളിലായി ഒരു കണ്ടെയിനറില് സൂക്ഷിച്ചിരുന്ന തേങ്ങകള്‍ കൊളംബിയയിലെ മയക്കുമരുന്ന് വിരുദ്ധ സേനയും പൊലീസും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്കായി സര്‍ക്കാര്‍ ലാബിലേക്ക് അയച്ചു. എത്ര അളവില്‍ കൊക്കെയിന്‍ ഇതിലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തും.
കരീബിയന്‍ തുറമുഖമായ കാര്‍ത്തജീന വഴി ഇറ്റാലിയന്‍ നഗരമായ ജെനോവയിലേക്ക് കൊണ്ടുപോവാന്‍ എത്തിയതായിരുന്നു ഈ തേങ്ങകള്‍. കൊക്കെയിന്‍ വെള്ളത്തില്‍ കലര്‍ത്തി കള്ളക്കടത്ത് നടത്തുന്നത് സാധാരണമല്ലെങ്കിലും തേങ്ങാ വെള്ളം മാറ്റി കൊക്കെയിന്‍ നിറച്ചുള്ള കള്ളക്കടത്ത് അപൂര്‍വ്വമാണ്.