മയാമി: ഹാസ്യതാരം ബോബ് സഗെറ്റിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. യു.എസിൽ 1980-കളിലും 90-കളിലും ഏറെ ജനപ്രീതി നേടിയ ‘ഫുൾ ഹൗസ്’ ടെലിവിഷൻ സീരീസ് താരമാണ് 65കാരനായ ബോബ് സഗെറ്റ്. ഫ്ളോറിഡയിലെ ഹോട്ടൽമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, താരത്തിന്റെ മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. മയക്കുമരുന്ന് ഉപയോഗിച്ചതിന്റെയോ കൊലപാതകശ്രമത്തിന്റെയോ തെളിവുകളൊന്നും മുറിയിൽനിന്ന് കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
മരിക്കുന്നതിന്റെ തലേദിവസം ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. 1956-ൽ ഫിലാഡൽഫിയയിലാണ് ബോബിന്റെ ജനനം. മൂന്നു മക്കളുണ്ട്. രണ്ടാംഭാര്യ കെല്ലി റിസ്സോയ്ക്കൊപ്പമായിരുന്നു താമസം. എട്ടു സീസണുകളിലായാണ് ‘ഫുൾ ഹൗസ്’ സീരീസ് സംപ്രേഷണം ചെയ്തിരുന്നത്.