കാട്ടില്‍ മൗഗ്ലിയെ പോലെ കഴിഞ്ഞിരുന്ന റുവാണ്ടയിലെ സാന്സിമാന് എല്ലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സാന്‍സിമാന്റെ പുതിയ ഒരു ചിത്രമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്യൂട്ട് ധരിച്ച് സ്കൂളില്‍ പോകുന്ന ചിത്രമാണിത്.
1999-ല്‍ ജനിച്ച സാന്സിമാന് മൈക്രോസെഫാലി എന്ന രോഗം ബാധിക്കുകയായിരുന്നു. തല തീരെ ചെറുതായിട്ടാകും ഈ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ ജനിക്കുക. സാന്‍സിമാന്റെ രൂപം കാരണം ആളുകള്‍ അവനെ അകറ്റി. സാന്‍സിമാനെ പലപ്പോഴും നാട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും ഗ്രാമത്തില്‍ നിന്ന് ഓടിക്കുകയും ചെയ്യാറുണ്ടെന്ന് സാന്‍സിമാന്റെ അമ്മ 2020-ല്‍ വെളിപ്പെടുത്തിയിരുന്നു.
സാന്സിമാനും കേള്‍വിയും സംസാരശേഷിയും ഇല്ല. ഇതു മൂലം സ്കൂളിലും പോകാന്‍ സാധിച്ചിരുന്നില്ല. റുവാണ്ടയിലെ ഒരു ടിവി ചാനല്‍ സാന്‍സിമാന്റെ ഉന്നമനത്തിനായി ഒരു ക്രൗഡ് ഫണ്ടിങ് നടത്തിയിരുന്നു. എല്ലിയെയും കുടുംബത്തെയും സഹായിക്കാന്‍ ചാനല്‍ ഒരു പേജും ആരംഭിച്ചു.
ഒരിക്കല്‍ പരിഹസിക്കപ്പെട്ട രൂപം കൊണ്ടുതന്നെ ഇന്ന് എല്ലി കൈയ്യടികള്‍ നേടുകയാണ്. വെളുത്ത ഷര്‍ട്ടും കറുത്ത സ്യൂട്ടുമൊക്കെ ധരിച്ച് ഇപ്പോള്‍ സാന്സിമാന് സ്കൂളില്‍ പോകുകയാണ്. റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ സെന്ററിലെ സ്പെഷ്യല്‍ സ്കൂളിലാണ് സാന്സിമാന് ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലിക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് എത്തിയത്.