സാമ്പാറിന്റെ രുചിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവാവ് അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു. ഉത്തരകന്നഡ ജില്ലയിലെ കൊടഗഡുവിലാണ് സംഭവം. മഞ്ജുനാഥ് എന്ന 24കാരനാണ് അമ്മയേയും സഹോദരിയേയും കൊന്നത്.
പാര്‍വ്വതി നാരായണ ഹസ്ലാര് (42)സഹോദരി രമ്യ നാരായണ ഹസ്ലാര് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പാറിന് രുചി പോരെന്ന് പറഞ്ഞാണ് യുവാവ് വഴക്ക് തുടങ്ങിയത്. ഇതോടൊപ്പം സഹോദരിക്ക് വായ്പയെടുത്ത് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനവും മഞ്ജുനാഥിന് ഇഷ്ടമായില്ല.
മദ്യപിച്ചിരുന്ന ഇയാള്‍ തന്റെ സമ്മതമില്ലാതെ ഫോണ്വാങ്ങുന്നതും എതിര്‍ത്തു. ഈ വിഷയത്തില്‍ മകന് ഇടപെടേണ്ട എന്ന് പറഞ്ഞതാണ് മഞ്ജുനാഥിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നുണ്ടായ വഴക്കില്‍ ഇയാള്‍ വീട്ടിലിരുന്ന നാടന്‍ തോക്കുപയോഗിച്ച് അമ്മയെ വെടിവെച്ചു.
തടയാനെത്തിയ സഹോദരിക്ക് നേരെയും വെടിയുതിര്‍ത്തു. പിതാവ് ജോലി കഴിഞ്ഞ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ടത്. ഉടന്‍ പൊലീസില്‍ പരാതി നല്കി. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.