മനുഷ്യര്‍ മാത്രമല്ല ലഹരി ഉപയോഗിക്കുന്നത്, മനുഷ്യരേക്കാള്‍ കൂടുതല്‍ ലഹരി ഉപയോഗിക്കുന്ന തത്തകളുമുണ്ട്. കൃഷിയിടത്തില്‍ നിന്ന് കറുപ്പ് മോഷ്ടിക്കുന്നത് ഏറെയും തത്തകളാണെന്നാണ് ഒഡീഷയിലെയും മധ്യപ്രദേശിലെയും കറുപ്പ് കര്‍ഷകര്‍ പറയുന്നത്.
വൈദ്യുത വേലിയടക്കം കനത്ത സുരക്ഷയ്ക്കുള്ളിലുള്ള കൃഷിയിടത്തില്‍ നിന്നാണ് തത്തകള്‍ കറുപ്പ് മോഷ്ടിച്ച് കൊണ്ടുപോകുന്നത്. പാടത്ത് പറന്നെത്തി ആവശ്യത്തിന് കറുപ്പ് അകത്താക്കിയ ശേഷം എവിടെയെങ്കിലും മരക്കൊമ്പില്‍ പോയിരുന്ന് എട്ടോ പത്തോ മണിക്കൂര്‍ ഒറ്റ ഉറക്കം ഉറങ്ങിക്കളയുകയാണ് ഈ തത്തകളുടെ രീതി.
ലഹരി കഴിച്ച് കിറുങ്ങുന്ന തത്തകള്‍ക്ക് ചിലപ്പോഴൊക്കെ ഹൃദയ സ്തംഭനം സംഭവിക്കാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കറുപ്പ് കഴിച്ച് മയങ്ങി ഇരിക്കുന്ന തത്തകളെ വളരെ വേഗത്തില്‍ മറ്റ് ജീവികള്‍ പിടികൂടാറുമുണ്ട്. കൂട്ടമായെത്തിയാണ് കറുപ്പ് ചെടിയിലെ പൂവിനുള്ളില്‍ നിന്ന് തരിതരി പോലുള്ള വിത്തുകള്‍ തത്തകള്‍ അകത്താക്കുന്നത്.
എന്നാല്‍ ചെടിക്ക് നാശമൊന്നും തത്തക്കൂട്ടം വരുത്താറില്ല. 2015 ല്‍ ഒഡീഷയിലാണ് ആദ്യം കറുപ്പ് പ്രിയന്മാരായ തത്തകളെ കണ്ടെത്തിയത്. ചിത്തോര്‍ഗഡിലെ പാടങ്ങള്‍ക്ക് സമീപം മയങ്ങി ഇരിക്കുന്ന തത്തക്കൂട്ടത്തെ വിശദമായ പഠനത്തിന് വിധേയമാക്കിയതോടെയാണ് ലഹരിപ്രേമം കണ്ടെത്തിയത്.
പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയുമൊക്കെ തത്തകളെ പായിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കാറുണ്ടെങ്കില്‍ ലഹരി തേടി തത്തകള്‍ കൂട്ടമായി എത്തുന്നത് ഇതുവരെയും മുടക്കമില്ലാതെ തുടരുകയാണ്.