കാബൂള്‍: പ്രാര്‍ത്ഥന സ്ഥലത്തിന് സമീപത്ത് റോക്കറ്റ് പതിച്ചപ്പോഴും ഈദ് പ്രാര്‍ത്ഥന തുടര്‍ന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു.
റോക്കറ്റ് പതിച്ചപ്പോഴും നമസ്കാരം തുടര്‍ന്നെന്നും പ്രസിഡന്റ് ഗനി പ്രസംഗിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര് നമസ്കാരത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Video by national TV shows the moment rockets landed near the Presidential Palace during Eid prayers this morning. pic.twitter.com/WmEniyfLfM
— TOLOnews (@TOLOnews) July 20, 2021
പ്രാര്‍ത്ഥന നടക്കുന്ന കാബൂളിലെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മിര്‍വായിസ് സ്റ്റാനെക്സായി പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കള്‍ പ്രസിഡന്റിന്റെ വസതിയെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. നിരവധി നഗരങ്ങള്‍ താലിബാന് പിടിച്ചെടുത്തു. മുമ്പും അഫ്ഗാന് പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായിരുന്നു.