മറ്റുപൂച്ചകളെപ്പോലെയൊന്നുമല്ല, ഈ പൂച്ച ആളൊരു പുലിയാണ്. ജോര്‍ജ്ജ് എന്ന് വിളിക്കുന്ന ആറ് വയസ്സുള്ള ഈ പൂച്ചയ്ക്ക് ട്രെയിന്‍ സ്റ്റേഷനിലാണ് ജോലി. രണ്ട് ദിവസം മുമ്പാണ് ഓഫീസറായി ജോര്‍ജ് ജോലിയ്ക്ക് കയറിയിട്ട്. ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരെ പോലെ തന്നെയാണ് ജോര്‍ജ്.
അവനും സ്വന്തമായി ഒരു ഐഡി കാര്‍ഡൊക്കെയുണ്ട്. ഏറെ തിരക്കുപിടിച്ച ജോലിയാണ് ജോര്‍ജിന്റേത്. ചില ദിവസം വെറുതെ ഒന്നിരിക്കാന്‍ പോലും നേരം കിട്ടില്ല. എലിയെ പിടിക്കലാണ് ഇവന്റെ പ്രധാന ജോലി. വെസ്റ്റ് മിഡ്ലാന്റിലെ സ്റ്റോര്‍ബ്രിഡ്ജ് ജംഗ്ഷന് സ്റ്റേഷനിലെ ചീഫ് മൗസ് ക്യാച്ചറാണ് അവന്.
കേള്‍ക്കുമ്പോള്‍ ഇതാണോ കാര്യം എന്ന് തോന്നുമെങ്കിലും അത് ചില്ലറ സ്ഥാനമൊന്നുമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്റ്റേഷനില്‍ താമസിക്കുകയാണ് അവന്. എലികളെ പിടിക്കാന്‍ തനിക്കാവുമെന്ന് ആ വര്‍ഷങ്ങളില്‍ അവന് നിരവധി തവണ തെളിയിച്ചതാണ്.
അങ്ങനെയാണ് അവന് ഈ ജോലി ലഭിക്കുന്നത്. ട്രെയിന്‍ സ്റ്റേഷനില്‍ അവന്റെ നിഴല്‍ കണ്ടാല്‍ മതി എലികള്‍ ഓടി ഒളിക്കും. സ്റ്റേഷനില്‍ അലഞ്ഞ് നടന്ന് ഒടുവില്‍ വിശക്കുമ്പോള്‍ നല്ല സ്വാദേറിയ ആഹാരം അവനെ കാത്തിരിക്കുന്നുണ്ടാകും. അത് കഴിച്ച് സ്റ്റേഷനില്‍ അവനായി മാത്രം ഒരുക്കിയ പ്രത്യേക മെത്തയില്‍ കിടന്ന് ഒരു ഉറക്കം!
സൂപ്പര്‍വൈസര്‍ ഇയാന്‍ ടോംലിന്സനാണ് അവനെ ടിക്കറ്റ് ഓഫീസിലേക്ക് കൊണ്ടുവന്നത്. ജോര്‍ജ്ജും, ഇയാനും തമ്മില്‍ വല്ലാത്ത ഒരടുപ്പമാണ്. ജോര്‍ജ് പലപ്പോഴും ഇയാന്റെ ജോലി തീരാനായി ക്ഷമയോടെ കാത്തിരിക്കും. ആ സമയം മുഴുവന്‍ അവന് സ്റ്റേഷനില്‍ കറങ്ങി നടക്കും.
വൈകുന്നേരം ഇയാന്റെ ജോലി തീരുമ്പോള്‍ ഇരുവരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങും. 2021 അവസാനത്തോടെ ഇയാന്‍ വിരമിച്ചുകഴിഞ്ഞാല്‍ ജോര്‍ജ്ജിനെ മിക്കവാറും ഇയാന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അവന് വെറുമൊരു എലിപിടുത്തകാരനാണ് എന്ന് വിചാരിക്കരുത്.
ജോര്‍ജ്ജിന് ഇന്ന് ഒരുപാട് ആരാധകരൊക്കെയുണ്ട്. എല്ലാവര്ക്കും അവനോട് ഒത്തിരി സ്നേഹമാണ്. സ്റ്റേഷനില്‍ എത്തുന്ന എല്ലാവരും അവനെയാണ് ആദ്യം തിരക്കുന്നത്. ജീവനക്കാരും, യാത്രക്കാരും അവനെ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുന്നു. അവന് അവര്‍ കളിപ്പാട്ടങ്ങളും ഇഷ്ടഭക്ഷണ സാധനങ്ങളും കൊണ്ട് വരാറുണ്ട്.