ദക്ഷിണാഫ്രിക്ക: സ്ത്രീകള്‍ക്ക് ഒന്നിലധികം വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാനുള്ള നീക്കവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് ബഹുഭര്‍തൃത്വം നിയമവിധേയമാക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഹരിതപത്രം സര്‍ക്കാര്‍ പുറത്തിറക്കി. രാജ്യത്തെ വിവാഹ നിയമങ്ങള്‍ പരിഷ്ക്കരിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ബഹുഭര്‍തൃത്വ നിര്‍ദേശവും മുന്നോട്ടുവച്ചിരിക്കുന്നത്.
പുതിയ പരിഷ്ക്കരണത്തിലൂടെ മുസ്ലിം, ഹിന്ദു, ജൂത വിവാഹങ്ങള്‍ക്കും നിയമപരമായ സാധുത നല്‍കും. ബഹുഭാര്യാത്വം നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നിയമവിധേയമാണ്. സ്ത്രീകള്‍ക്കും ഇതേ അനുമതി നല്‍കാനാണ് ഒരുങ്ങുന്നത്.
അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ സാമൂഹിക, മത വിഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തുല്യ വിവാഹാവകാശങ്ങള്‍ സ്ത്രീകള്‍ക്കും നല്കുകയാണെങ്കില് അത് സമൂഹത്തെ തകര്‍ക്കുമെന്നാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ആഫ്രിക്കന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസിഡിപി) നേതാവ് കെന്നെത്ത് മെഷോ പ്രതികരിച്ചു.
സര്‍ക്കാര്‍ നീക്കം ആഫ്രിക്കന്‍ സംസ്കാരത്തെ നശിപ്പിക്കുമെന്ന് റിയാലിറ്റി ഷോ താരവും നാല് സ്ത്രീകളുടെ ഭര്‍ത്താവുമായ മൂസ സെലേക്കു കുറ്റപ്പെടുത്തി. ”ഇവരിലുണ്ടാകുന്ന കുട്ടികളുടെ അവസ്ഥയെന്താകും? അവര്‍ എങ്ങനെയാണ് തങ്ങളുടെ സ്വത്വം തിരിച്ചറിയുക?” സെലേക്കു ചോദിച്ചു.
അതേസമയം മന്ത്രാലയം പുറത്തിറക്കിയ ഹരിതപത്രം സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ല. വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രി ആരോണ്‍ മോത്സോലെഡി പറഞ്ഞു.
നിലവില്‍ നേപ്പാളിലും ചൈനയിലുമുള്ള തിബറ്റുകാര്‍ക്കിടയില്‍ ബഹുഭര്‍തൃത്വം നിലനില്‍ക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, കാമറൂണ്‍ എന്നിവിടങ്ങളിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലും സമാനമായ ആചാരം നിലനില്‍ക്കുന്നുണ്ട്.