കലിഫോര്‍ണിയയിലെ റെപ്ടൈല്‍ സൂവിന്റെ സ്ഥാപകനായ ജെയ് ബ്രൂവെറിന് പാമ്പുകളോട് പ്രത്യേകമൊരു ഇഷ്ടമാണ്. അതുകൊണ്ടുതന്നെ പാമ്പുകളെ പരിചരിക്കുന്ന ജോലി ഏറെ ഇഷ്ടത്തോടെയാണ് ജെയ് ബ്രൂവെര്‍ ഏറ്റെടുത്തത്. പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ ജെയ് ഒരുക്കിയത്.
പാമ്പുകള്‍ മാത്രമല്ല മറ്റ് ഉരഗവര്ഗത്തിലുള്ള ജീവികളും ഈ മൃഗശാലയിലുണ്ട്. ഉടുമ്പുകളെയും പാമ്പുകളെയും മുതലകളെയുമൊക്കെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പാണ് ഇത്തവണ ജെയ് ബ്രൂവറെ ആക്രമിച്ചത്. പാമ്പിന്റെ മുട്ടകള്‍ സുരക്ഷിതമായി ഇന്‍ക്യുബേറ്ററില്‍ വച്ചു വിരിയിക്കാനായാണ് ജെയ് എടുത്തത്. മുട്ടകള്‍ കൈകൊണ്ട് എടുത്തതും പാമ്പ് മുഖത്തേക്ക് ആഞ്ഞ് കൊത്തിയതും ഒരുമിച്ചായിരുന്നു.
കൂറ്റന്‍ പെരുമ്പാമ്പാണ് ജെയ് ബ്രൂവെറുടെ മുഖം ലക്ഷ്യമാക്കി ആക്രമിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് മറ്ററൊരു പാമ്പും ജെയ് ബ്രൂവറെ ഇതേ പോല പരിചരിക്കുന്നതിനിടയില്‍ ആക്രമിച്ചിരുന്നു. അന്ന് തക്കസമയത്ത് ഒഴിഞ്ഞു മാറിയതിനാലാണ് അപകടത്തില്‍ നിന്നു ജെയ് രക്ഷപെട്ടിരുന്നു.
എന്നാല്‍ ഇത്തവണ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാനായില്ല. ജെയ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഈ വിഡിയോ ഒന്നര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. അതിസാഹസികമായ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.