തായ്ലാന്റ്: പോലീസുകാരന്റെ വീട്ടില്‍ കയറി മോഷ്ടാവ് പിടിയില്‍. തായ്ലാന്‍ഡിലെ ഫെച്ചാബൂണ് പ്രവിശ്യയിലെ വിച്ചിയാന്‍ ബുരിയിലാണ് നാടകീയമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പോലീസ് ഉദ്യോഗസ്ഥനായ ജിയാം പ്രസേര്ട്ടിന്റെ വീട്ടിലാണ് 22കാരന് മോഷണത്തിനായി എത്തിയത്.
ജിയാം ഉറങ്ങുന്ന സമയത്ത് ടൂള്‍കിറ്റ് ഉപയോഗിച്ച് വാതില്‍ തുറന്ന് ഇയാള്‍ അകത്തു കയറി. ജിയാമിന്റെ മകളുടെ മുറിയിലാണു മോഷ്ടാവ് പ്രവേശിച്ചത്. റൂമില്‍ കിടക്കയും എസിയും കണ്ടപ്പോള്‍ കുറച്ചു സമയം വിശ്രമിച്ചശേഷം മോഷണം തുടരാമെന്നു കരുതി. എന്നാല്‍ വിശ്രമം സുഖനിദ്രയിലേയ്ക്ക് വലിച്ചിട്ടു. ശേഷം പോലീസുകാരന് എത്തി മോഷ്ടാവിനെ വിളിച്ചുണര്‍ത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
രാവിലെ ഉണര്‍ന്നപ്പോഴാണു മകളുടെ മുറിയില്‍ എസി പ്രവര്‍ത്തിക്കുന്ന ശബ്ദം ജിയാം കേള്‍ക്കുന്നത്. കുറച്ചു ദിവസമായി മകള്‍ വീട്ടിലില്ല. പിന്നെ എങ്ങനെയാണ് എസി പ്രവര്‍ത്തിക്കുന്നതെന്നു പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ഒരാള്‍ മുറിയില്‍ കിടന്നുറങ്ങുന്നതായി കണ്ടത്.
തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പുതച്ചു മൂടി കിടന്നുറങ്ങുന്ന മോഷ്ടാവിനെ വിളിച്ചുണര്‍ത്തുന്നതും ഇയാള്‍ അമ്പരന്ന് നോക്കുന്നതും പോലീസ് പങ്കുവച്ച വീഡിയോയിലുണ്ട്. മോഷണം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.