ടിനയുടെയും ബെന്‍ ഗിബ്സണിന്റെയും കാത്തിരിപ്പിനൊടുവില്‍ വൈദ്യ ശാസ്ത്രത്തെ പോലും ഞെട്ടിച്ചുകൊണ്ട് ഈ കഴിഞ്ഞ ഒക്ടോബറില്‍ ആണ് മോളി ഗിബ്സണ് ജനിച്ചത്. ഇപ്പോള്‍ പ്രായം ഒരു മാസം കഴിഞ്ഞിരിക്കുന്നു. എന്നാല്‍, കഴിഞ്ഞ 27 വര്‍ഷത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ഈ അത്ഭുത ശിശുവിന് പിറക്കാമായിരുന്നു.
കഴിഞ്ഞ 27 വര്‍ഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ് മോളിയുടെ ജനനം. 1992 മുതല്‍ ശീതികരിച്ച് സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ഈ ഭ്രൂണം. ഇക്കഴിഞ്ഞ ഫെബ്രുവരി 10 നാണ് ടിനിയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിക്കുന്നത്. മോളിയുടെ മൂത്ത സഹോദരിയായ എമ്മ ഗിബ്സണ് ജനിച്ചതും ശീതികരിച്ചു വെച്ച ഭ്രൂണത്തില്‍ നിന്നായിരുന്നു. 2017 നവംബറിലാണ് എമ്മയുടെ ജനനം. 27 വര്‍ഷം ശീതികരിച്ച ഭ്രൂണത്തില്‍ നിന്നുള്ള മോളിയുടെ ജനനം വൈദ്യശാസ്ത്ര രംഗത്ത് ഒരു റെക്കോര്‍ഡ് തന്നെ പതിപ്പിച്ചിരിക്കുകയാണ്.
രണ്ടു മക്കളുടെയും ജനനം സമാന രീതിയിലാണെന്നും എമ്മയ്ക്ക് പിറകെ മോളിയുടെ വരവോടെ ഞങ്ങള്‍ മറ്റൊരു ലോകറെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണെന്നും ടിന ഗിബ്സണ് പ്രതികരിക്കുന്നു. രണ്ടരകിലോ ഭാരവും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ടിനയ്ക്ക് ഇപ്പോള്‍ 29 വയസ് മാത്രമാണ് പ്രായം. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത അവസ്ഥ വന്നപ്പോള്‍ ആദ്യം വന്ധ്യത ചികിത്സയിലായിരുന്നു. പിന്നീട് കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നതിനെ കുറിച്ചും ഇരുവരും ചിന്തിച്ചിരുന്നു. പിന്നീട് മാതപിതാക്കളുടെ അഭിപ്രായപ്രകാരം എംബ്രിയോ അഡാപ്ഷന്‍ ചികിത്സാ രീതിയെ കുറിച്ച് ആലോചിച്ചു.
അതു ജീവിതത്തിന്റെ വഴിത്തിരിവായി മാറുകയായിരുന്നു. നാഷണല്‍ എംബ്രിയോ ഡൊണെഷന്‍ എന്ന എന്‍ജിഒ ആണ് ഇത്തരത്തിലുള്ള ചികിത്സാരീതിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍. ഭ്രൂണം ദാനം ചെയ്യുന്നവര്‍ക്കും വന്ധ്യത പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും സഹായകമായ ചികിത്സാരീതിയാണ് ഈ സംഘടന മുന്നോട്ടുവെക്കുന്നത്.