കേപ്ടൗൺ: ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കൊറോണ വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിലനിൽക്കെ കാമുകിയെ കാറിന്റെ ഡിക്കിയിലാക്കി കടത്താൻ ശ്രമം. ദക്ഷിണാഫ്രിക്കയിലെ ഗുവാട്ടെങ് പ്രവിശ്യയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സംഭവത്തിൽ ഒളിപ്പിക്കാൻ ശ്രമിച്ച യുവാവിനേയും ഒളിച്ചിരുന്ന യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുവാട്ടെങ്ങിൽനിന്ന് പുമലാംഗ പ്രവിശ്യയിലേക്കാണ് യുവാവ് കാമുകിയെ രഹസ്യമായി കടത്താൻ ശ്രമിച്ചത്. വഴിയിൽ പതിവ് വാഹനപരിശോധനക്കായി പോലീസ് കാർ തടയുകയായിരുന്നു.
തുടർന്ന് യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് സംഘം കാർ പരിശോധിച്ചപ്പോഴാണ് ഡിക്കിക്കുള്ളിൽ യുവതിയെ കണ്ടെത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 24 മുതലാണ് ദക്ഷിണാഫ്രിക്കയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.