ബര്‍ലിന്‍: ജര്‍മ്മനിയില്‍ ഹുക്ക കേന്ദ്രങ്ങളില്‍ നടന്ന വെടിവെയ്പ്പില്‍ എട്ട് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റ്. ഫ്രാങ്ക്ഫര്‍ട്ടിന് 20 കിലോമീറ്റര്‍ സമീപത്തെ ഹനാവു നഗരത്തിലാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തിലാണ് എട്ട് പേര് അതിദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
രാത്രി പത്തോടെയാണ് ആദ്യത്തെ കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. കുറച്ച് സമയങ്ങള്‍ക്ക് ശേഷം മറ്റൊരിടത്തും സമാനമായ ആക്രമണം നടക്കുകയായിരുന്നു. ആക്രമണം നടത്തിയത് ഒരാളാണോ അതില്‍ ഒന്നില്‍ കൂടുതല്‍ പേരാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ആദ്യത്തെ ആക്രമണത്തില്‍ അഞ്ച് പേരും രണ്ടാമത്തെ ആക്രമണത്തില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. ആദ്യ ആക്രമണം നടന്ന സ്ഥലത്തുനിന്ന് കറുത്ത കാര്‍ പൊകുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഈ കാറിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമികളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടമാണ് ജര്‍മ്മന്‍ നഗരങ്ങളിലെ ഹുക്ക സെന്ററുകള്‍. ആക്രമണത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷാ സന്നാഹമൊരുക്കി.