കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഷിയ മോസ്‌കില്‍ ചാവേറുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള പക്തിയ പ്രവിശ്യയിലെ സിറ്റി ഓഫ് ഗാര്‍ഡന്‍സില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണു ചാവേര്‍ പൊട്ടിത്തെറിച്ചതെന്നു പ്രവിശ്യാ പോലീസ് മേധാവി ജനറല്‍ റാസ് മുഹമ്മദ് മന്ദോസെയ് അറിയിച്ചു.
സ്‌ഫോടനത്തില്‍ അന്പതില്‍ അധികം പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെല്ലാം വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയവരാണ്.
ചാവേറുകള്‍ പൊട്ടിത്തെറിക്കുന്നതിനു മുന്പ് രണ്ടു ഭീകരര്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തിരുന്നതായി ജനറല്‍ മന്ദോസെയ് സ്ഥിരീകരിച്ചു. അതേസമയം, സ്‌ഫോടനത്തില്‍ എഴുപതില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ഹെഡ് ഓഫ് ഗാര്‍ഡന്‍സ് പൊതുജനാരോഗ്യ വകുപ്പ് തലവന്‍ വിലായത് ഖാന്‍ അഹ്മദ്‌സായ് പറഞ്ഞു.