ബ്രിട്ടന്:രാജകുടുംബത്തില്‍ അംഗങ്ങളായി ജീവിക്കുന്നതില്പ്പരം എന്തുവേണം? പണം, പ്രശസ്തി, പദവി, എവിടെച്ചെന്നാലും കിട്ടുന്ന അംഗീകാരം തുടങ്ങി ബ്രിട്ടനിലെ രാജകുടുംബാംഗങ്ങളുടെ ജീവിതം അസൂയ ജനിപ്പിക്കുന്നതാണ്. എന്നാല്‍, രാജകുടുംബത്തില്‍ പെണ്‍കുട്ടിയായി ജീവിക്കാന്‍ പ്രയാസമുള്ള കാര്യമാണെന്ന് വ്യക്തമാക്കി എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കള്‍ ബിയാട്രീസ് രാജകുമാരിയും യൂജിന്‍ രാജകുമാരിയും.
തങ്ങളും സാധാരണ മനുഷ്യരാണെന്ന് മറ്റുള്ളവര്‍ അംഗീകരിക്കാത്തതാണ് ഇവരുടെ പ്രശ്നം. പൊതുജനങ്ങളുടെയും പപ്പരാസികളുടെയും നടുവില്‍ വിചിത്ര കഥാപാത്രങ്ങളെപ്പോലെ ജീവിക്കേണ്ടിവരുന്നതില്‍ പലപ്പോഴും കടുത്ത നിരാശ തോന്നയിട്ടുണ്ടെന്ന് ഇരുവരും പറയുന്നു.
സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് മറ്റുള്ളവരെപ്പോലെ ജീവിതം ആസ്വദിക്കാനാവുന്നില്ലെന്ന് ബിയാട്രീസും യൂജിനും പറയുന്നു. വോഗ് മാസികയ്ക്ക് നല്കിയ സംയുക്ത അഭിമുഖത്തിലാണ് ഇരുവരുടെയും ഈ മനസ്സുതുറക്കല്‍. രാജകുമാരിമാരായി ജീവിക്കുന്നതിനെക്കാള്‍, സ്വന്തമായി കരിയറും വ്യക്തിജീവിതവും കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ പറയുന്നു.
യഥാര്‍ഥത്തിലുള്ള വ്യക്തിത്വം മറച്ചുപിടിച്ച് രാജകുമാരിമാരുടെ മുഖംമൂടിയണിഞ്ഞ് ജീവിക്കേണ്ടിവരുന്നുവെന്ന് അവര്‍ പറയുന്നു. പലപ്പോഴും പരിഹാസ്യ കഥാപാത്രങ്ങളെപ്പോലെയാണ് തങ്ങളെ ജനങ്ങള്‍ കാണുന്നതെന്നും അവര്‍ പരാതിപ്പെടുന്നു. പ്രത്യേക തരത്തിലുള്ള തൊപ്പികള്‍ അണിയുന്നതില്‍ തല്പരരാണ് ഇരുവരും. ഇതിന്റെ പേരില്‍ ഇരുവരും പലതവണ പരിഹാസത്തിന് ഇരയായിട്ടുമുണ്ട്. പലപ്പോഴും ഈ പരിഹാസങ്ങള്‍ തങ്ങളെ കരയിപ്പിച്ചിട്ടുണ്ടെന്നും ബിയാട്രീസും യൂജിനും പറയുന്നു.
ഒരു ആര്‍ട്ട് ഗാലറിയിലാണ് യൂജിന്‍ രാജകുമാരി ജോലി ചെയ്യുന്നത്. ഒരിക്കല്‍ ബക്കിങ്ങാം കൊട്ടാരത്തില്‍ നടന്ന വിരുന്നിനിടെ താന്‍ വലിയ അധിക്ഷേപത്തിന് ഇരയായെന്നും അത് തന്നെ കരയിപ്പിച്ചുവെന്നും യൂജിന്‍ പറഞ്ഞു. ബിയാട്രീസിനെക്കുറിച്ച് ഒരിക്കല്‍ വന്ന ലേഖനവും വളരെയേറെ നിരാശയുണ്ടാക്കി. എല്ലായ്പ്പോഴും ഒരുമിച്ച് കാണപ്പെടുന ഈ സഹോദരിമാര്‍ പലര്‍ക്കും തമാശ കഥാപാത്രങ്ങളാണ്. പലപ്പോഴും ആ സമീപനം കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും ബിയാട്രീസ് പറഞ്ഞു.
വിവാഹിതയാകാനൊരുങ്ങുകയാണ് യൂജിന്‍. കാമുകനായ ജോണ്‍ ബ്രൂക്സ്ബാങ്കുമായുള്ള വിവാഹം ഒക്ടോബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന് പ്രധാന ബ്രൈഡ്സ്മെയ്ഡ് താനായിരിക്കുമെന്ന് ബിയാട്രീസ് ഇപ്പോള്‍ത്തന്നെ ഉറപ്പിച്ചിട്ടുണ്ട്. സാധാരണ രാജകുടുബാംഗങ്ങളുടെ വിവാഹത്തില്‍ നിന്ന് വ്യത്യസ്തമായി സാധാരണ വിവാഹമായി ഇത് നടത്തണമെന്നാണ് ആഗ്രഹമെന്ന് യൂജിന്‍ പറഞ്ഞു. വീട്ടിലേതുപോലെ സമ്പൂര്‍ണ പ്ലാസ്റ്റിക്രഹിത വിവാഹമായിരിക്കും നടത്തുകയെന്ന് അവര്‍ പറഞ്ഞു.