ലതേഹാര്‍: ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയില്‍ കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 35കാരന് അറസ്റ്റില്‍. 11 വയസുള്ള ആണ്‍കുട്ടിയേയും 10 വയസുള്ള പെണ്‍കുട്ടിയേയുമാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയിലാണ് കണ്ടെത്തിയത്.
സമീപത്തുള്ള വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ബുധനാഴ്ച മുതലാണ് കുട്ടികളെ കാണാതായത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമായി നടക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്നും കുട്ടികളുടെ കാല് പുറത്ത് വന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ശേഷം നടത്തിയ തിരച്ചിലില്‍ കുട്ടികളെ കണ്ടെത്തുകയുമായിരുന്നു. ആദ്യം കുട്ടികളെ കൊലപ്പെടുത്തിയത് നരബലിക്കാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ പിന്നീട് അത് തെറ്റായിരുന്നുവെന്ന് തെളിഞ്ഞു.
2009 ല്‍ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പ്രതി കുട്ടികളെ കൊലപ്പെടുത്തിയത്. പീഡന ശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയത്. പ്രതി വീട്ടില്‍ തന്നെ ചെറിയ ഒരു കട നടത്തിയിരുന്നു. ബുധനാഴ്ച രാത്രി കടയിലെത്തിയ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ഇയാള്‍ ശ്രമിക്കുകയും ഇതിനിടെ ആകസ്മികമായി അവിടെയെത്തിയ ആണ്‍കുട്ടിയെയും വകവരുത്തുകയായിരുന്നു.
തന്റെ വീടിന്റെ അകത്തേക്ക് ഇരുവരെയും വലിച്ചിഴച്ച് കൊണ്ടു പോയതിനു ശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആയുധം പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. വീട് തുറന്ന് പോലീസ് അകത്ത് കയറിയപ്പോള്‍ തറയില്‍ രക്തം തളം കെട്ടി നില്ക്കുന്ന അവസ്ഥയിലായിരുന്നു.