വാഷിംഗ്ടണ്‍: ഇന്ത്യ 2019ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ചുവെന്ന് അമേരിക്ക. എന്നാല്‍ ക്ഷണം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അമേരിക്കന്‍ പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പറഞ്ഞു. കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ ട്രംപിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയും പ്രതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസും അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്നും സാറ അറിയിച്ചു. ഈ വര്‍ഷം അവസാനം നടക്കുന്ന ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതിനാണ് ഇരുവരും എത്തുന്നതെന്നും സാറ കൂട്ടിച്ചേര്‍ത്തു.
2015ല്‍ മോദി സര്‍ക്കാരിന്റെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബാറക് ഒബാമ മുഖ്യാതിഥിയായി എത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിദേശ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ വര്‍ഷം ആസിയാന്‍ അംഗങ്ങളായ രാജ്യങ്ങളിലെ തലവന്മാരാണ് മുഖ്യാതിഥിയായി പങ്കെടുത്തത്.