മനില: ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് ഭ്രൂണാവസ്ഥയില്‍ ജീവന് നഷ്ടപ്പെട്ടപ്പോള്‍ കൂടെപ്പിറപ്പിന്റെ നെഞ്ചില്‍ ഒട്ടിയ അത്യപൂര്‍വ്വ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വെറോണിക്ക കോമിന്‍ഗസ് എന്ന പതിനാലുകാരിയാണ് ചര്‍ച്ചാ വിഷയമാകുന്നത്. സാധാരണ കുടുംബത്തിലാണ് പെണ്‍കുട്ടിയുടെ ജനനം. വെറോണിക്കയെ ഗര്‍ഭത്തിലിരിക്കുമ്പോള്‍ ഇരട്ടകളായിരിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നു.
പക്ഷേ, ഭ്രൂണാവസ്ഥയില്‍ തന്നെ ഇല്ലാതായിപ്പോയ ഇരട്ടക്കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ മാത്രം വെറോണിക്കയുടെ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു. അവള് ജനിച്ചില്ലെങ്കിലും ആ കൈകാലുകള്‍ വെറോണിക്കയുടെ ശരീരത്തില്‍ ഒട്ടിപ്പിടിച്ചു വളര്‍ന്നു. നെഞ്ചില്‍ അധികമുള്ള രണ്ട് കൈകളും ചെറിയ ഒരു കുഞ്ഞിന്റെ ശരീരാകൃതി പോലെ തോന്നിക്കുന്ന മാംസക്കഷ്ണവുമായാണ് വെറോണിക്ക കഴിഞ്ഞ 14 വര്‍ഷമായി ജീവിക്കുന്നത്. വളരുന്തോറും കൈകളും നെഞ്ചിലെ മാംസവും വളര്‍ന്നു. മറ്റൊരാളെ നോക്കുന്നത് പോലെ, അത്രയും കരുതലോടെയായിരുന്നു വെറോണിക്ക അധികമായ ആ രണ്ട് കൈകളേയും പകുതി വളര്‍ന്ന വിരലുകളേയുമൊക്കെ പരിപാലിച്ചിരുന്നത്. നഖങ്ങള്‍ വെട്ടിയൊതുക്കിയും കൈകള്‍ ഉടുപ്പിനകത്ത് ഭദ്രമായി എടുത്തുവച്ചുമെല്ലാം അവള് അവയെ ശുശ്രൂഷിച്ചു.
എന്നാല്‍ വയസ്സ് കൂടുന്തോറും വലുതായി വരുന്ന ഇവയുടെ ഭാരവും വേദനയും വെറോണിക്കയെ വലച്ചുതുടങ്ങിയതോടെയാണ് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യാമെന്ന് തീരുമാനിച്ചത്. നിര്‍ധനരായ കുടുംബത്തിന്റെ പക്കല്‍ ഇതിനാവശ്യമായ പണമില്ലാഞ്ഞതിനാലാണ് ശസ്ത്രക്രിയ നടക്കാന്‍ ഇത്രയും നാള് വൈകിയത്. ഇപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് പിരിച്ച പണം കൊണ്ടാണ് വെറോണിക്കയുടെ ശസ്ത്രക്രിയ നടത്തുന്നത്.