അലബാമ: ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരം. അമേരിക്കയിലെ അലബാമയിലാണ് ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കിയത്. നിയമം ലംഘിച്ച് ഗര്‍ഭഛിദ്രം നടത്തിയാല്‍ പത്തുമുതല്‍ തൊണ്ണൂറ്റി ഒന്‍പത് വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക.
ആറിനെതിരെ 25 വോട്ടുകള്‍ക്കാണ് സെനറ്റ് നിയമം പാസാക്കിയത്. ഗര്‍ഭഛിദ്രം നടത്തിയാല്‍ പത്തുമുതല്‍ തൊണ്ണൂറ്റി ഒന്‍പത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം പാടില്ലെന്നാണ് ഇവിടുത്തെ നിയമം.
എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കും. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുന്ന സ്ത്രീകളെ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.
നിയമത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്താന്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ നിയമത്തെ അനുകൂലിക്കുന്നവരും നിരവധിയാണ്. ആറ് മാസത്തിന് ശേഷം ഗവര്‍ണറുടെ ഒപ്പോടുകൂടി മാത്രമേ നിയമം നിലവില്‍ വരികയുള്ളൂ എന്നാണ് വിവരം.