ഇപ്പോഴും സ്ത്രീകള്‍ക്ക് പല തരത്തിലുള്ള വിലക്കുകളും നിലനില്‍ക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്. അവിടെ നിന്നാണ് സാറ എല്‍ഹാം എന്ന ഇരുപതുകാരി ‘അഫ്ഗാന് സ്റ്റാര്‍’ എന്ന സംഗീതപരിപാടിയില്‍ കിരീടം ചൂടിയത്. പാട്ടു പഠിക്കാന്‍ സ്കൂളോ ഗുരുക്കന്മാരോ ഇല്ലാതെയാണ് സാറ എല്‍ഹാം പാട്ടുകാരിയായത്.
13 വര്‍ഷമായി പുരുഷന്മാര് മാത്രം കിരീടം പങ്കുവച്ചിരുന്ന ഷോയിലാണ് ഇതാദ്യമായി ഒരു യുവതി വിജയിച്ചിരിക്കുന്നത്. സാറയ്ക്ക് പ്രിയം നാടന്പാട്ടുകളോടാണ്. മനസ്സുതുറന്നുള്ള ആലാപനമാണ് സാറയുടെ പ്രത്യേകത. യൂ ട്യൂബ് വഴിയാണ് സാറ എല്‍ഹാം പാട്ടുകള്‍ പഠിച്ചത്.
സാറ എല്‍ഹാം അഫ്ഗാനിസ്ഥാനിലെ ഹസാര എന്ന ന്യൂനപക്ഷ വിഭാഗത്തിലെ അംഗമാണ്. കിരീടം സ്വപ്നം കണ്ടല്ല താന്‍ മല്‍സരിച്ചതെന്നും തന്റെ പാട്ട് താലിബാന് ഭീകരതയ്ക്കെതിരെയുള്ള പോരാട്ടമാണെന്നും സാറ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ഭീകരമായ താലിബാന് ഭരണകാലത്താണ് സാറ എല്‍ഹാം എന്ന പെണ്‍കുട്ടി പാട്ടുപാടി പഠിച്ചത്. സംഗീതപാരമ്പര്യമൊന്നുമില്ലാത്ത കുടുംബമാണ് സാറയുടേത്. അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഗായിക ആര്യാന സയീദിന്റെ പാട്ടുകള്‍ കേട്ടും യൂ ട്യൂബില്‍ കണ്ടുമാണ് സാറ പാട്ട് പഠിച്ചത്.
‘എന്റെ ശബ്ദത്തിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നുണ്ട്. എന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞാന്‍ ബോധവതിയാണ്. രാജ്യത്തെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് എന്റെ പാട്ട് പ്രചോദനമാകട്ടെ. അവരും പാടട്ടെ. നൃത്തം ചെയ്യട്ടെ. സമൂഹത്തില്‍ മുന്നോട്ടുവരട്ടെ’- സാറ എല്‍ഹാം പറഞ്ഞു.