ഡല്‍ഹി: ന്യൂസീലന്‍ഡില്‍ മുസ്ലീം പള്ളികളില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. നേരത്തേ ഒന്‍പത് ഇന്ത്യക്കാരെ കാണാതായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ ആറ് പേരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയില്‍ ഉള്ളത്. എന്നാല്‍ ഈ വിവരങ്ങള്‍ക്ക് ഔദ്യോഗികമായ സ്ഥിരീകരണം ഇല്ല. ആക്രമണം നടത്തിയവരില്‍ ഒരാള്‍ മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയന്‍ പൗരനാണ്.
അക്രമി ലോകത്തെ ഞെട്ടിച്ച ആക്രമണം സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര് മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. എത്ര പേര് നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ 49 പേര് കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്ഡന് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.